തൊഴിലാളിയുടെ പൂർണ വിവരങ്ങൾ കുവൈത്ത് സ്മാർട്ട് എംപ്ലോയീസ് ഐ.ഡി പുറത്തിറക്കി
text_fieldsകുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ ഉൾക്കൊള്ളുന്ന കുവൈത്ത് സ്മാർട്ട് എംപ്ലോയീസ് ഐ.ഡി പുറത്തിറക്കി. തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും വഞ്ചനയും കൃത്രിമത്വവും തടയലും ലക്ഷ്യമിട്ടാണ് പദ്ധതി. പ്രവാസി ജീവനക്കാരുടെ പൂർണ ഔദ്യോഗിക വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും.
കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ് വഴിയാണ് സ്മാർട്ട് എംപ്ലോയീസ് ഐ.ഡി ലഭ്യമാവുക. മൊബൈല്‍ ഐ.ഡിയില്‍ ലോഗിന്‍ ചെയ്ത് വാലറ്റില്‍ ക്ലിക്ക് ചെയ്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐ.ഡി ഇന്‍സ്റ്റാള്‍ ചെയ്യാം.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പദ്ധതി രൂപവത്കരിച്ചതെന്ന് കുവൈത്ത് മാൻപവർ പബ്ലിക്ക് അതോറിറ്റി അറിയിച്ചു.
തൊഴിലാളിയുടെ നിയമപരമായ നില, വർക്ക് പെർമിറ്റ് വിവരങ്ങൾ, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, പൊതുമേഖലയിലോ സ്വകാര്യ മേഖലകളിലോ ജോലി ചെയ്യുന്നത് തുടങ്ങി പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുതുതായി അവതരിപ്പിച്ച സ്മാർട്ട് എംപ്ലോയീസ് ഐ.ഡിയിലുണ്ടാകും. ഐ.ഡിയില്‍ ക്രമീകരിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഒരൊറ്റ ക്ലിക്കിലൂടെ തൊഴിലാളിയുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും കഴിയും.
അതിനിടെ ഗൾഫ് ലേബർ ഗൈഡ് അനുസരിച്ച് ജീവനക്കാരെ അവരുടെ തസ്തികകള്‍ അനുസരിച്ചുള്ള ജോലികൾക്ക് നിയോഗിക്കണമെന്നും തൊഴിൽ നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനങ്ങൾ ഒഴിവാക്കണമെന്നും സ്വകാര്യ മേഖലയിലെ കമ്പനികളോട് മാൻപവർ പബ്ലിക്ക് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

