കുവൈത്ത് സിറ്റി: വഫ്റ കാർഷിക മേഖലയിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നത് കർഷകർക്കും പൊതുജനങ്ങൾക്കും ശല്യമാവുന്നു. മാലിന്യം നിക്ഷേപിക്കാൻ മുനിസിപ്പാലിറ്റി സ്ഥാപിച്ച പെട്ടികളിലല്ലാതെ കാർഷിക മേഖലയിലും ഉൾറോഡുകളുടെ പരിസരത്തും മാലിന്യം നിക്ഷേപിക്കുന്നു.
റോഡരികിലും തോട്ടങ്ങളുടെ മൂലകളിലും പലയിടത്തും മാലിന്യ സഞ്ചികൾ കുന്നുകൂടിക്കിടക്കുകയാണ്. ഇവ ശേഖരിച്ച് വൃത്തിയാക്കുന്നതിൽ മുനിസിപ്പൽ ജീവനക്കാർ വീഴ്ചവരുത്തുന്നതായി കർഷകർ കാർഷിക, മത്സ്യവിഭവ അതോറിറ്റിക്ക് പരാതി നൽകി. രാജ്യത്തിെൻറ ഭൂപ്രകൃതിയിൽ ഏറ്റവും മനോഹരമായത് വഫ്റയിലെയും അബ്ദലിയിലെയും കാർഷിക മേഖലകളാണ്.
മാലിന്യം തള്ളുന്നത് മേഖലയുടെ ഭംഗി നശിപ്പിക്കുന്നു. പൊതുവിൽ രാജ്യത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് മാലിന്യം ഗണ്യമായി കൂടിവരുകയാണ്. പ്രതിദിന മാലിന്യത്തിെൻറ കാര്യത്തിൽ ലോകത്ത് തന്നെ മുന്നിലാണ് കുവൈത്ത് എന്ന് റിപ്പോർട്ടുണ്ട്.