കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഇന്ത്യൻ എംബസിയിൽ ബാക്കി 17.96 കോടി
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായ, ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐ.സി.ഡബ്ല്യൂ.എഫ്) കുവൈത്തിൽ ബാക്കിയുള്ളത് കോടികൾ. ഈ വർഷം ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ 17.96 കോടി രൂപയാണ് ബാക്കിയുള്ളത്. എന്നിട്ടും കഴിഞ്ഞ നാലു വർഷമായി നിയമസഹായത്തിന് ഒരു തുകയും ചെലവഴിച്ചിട്ടില്ല. അവസാനമായി 2019ലാണ് 1.85 ലക്ഷം ചെലവഴിച്ചതെന്നും വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി 2019ൽ 2.41 ലക്ഷം, 2020ൽ 10.79 ലക്ഷം, 2021ൽ 16.75 ലക്ഷം, 2022ൽ 27.53 ലക്ഷം, 2023 ജൂൺ 30 വരെ 13 ലക്ഷം എന്നിങ്ങനെ കുവൈത്തിലെ ഇന്ത്യൻ എംബസി ചെലവഴിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായ, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനായി 2009ൽ ആരംഭിച്ച വെൽഫെയർ സംവിധാനമാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വഴി അതത് രാജ്യങ്ങളിലെ പ്രവാസികളിൽ ഏറ്റവും അർഹരായ വിഭാഗത്തിന്റെ വിവിധ ക്ഷേമങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് ചട്ടം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ എന്നിവർ തൊഴിലുടമയിൽനിന്നും ചാടിയെത്തി അഭയംതേടുമ്പോൾ അവർക്കുള്ള താമസം, യാത്ര, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടിയന്തര ചികിത്സ, വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ്, കേസിൽ കുടുങ്ങിയവർക്ക് നിയമസഹായത്തിനുള്ള ചെലവ്, ചില സന്ദർഭങ്ങളിൽ തൊഴിലാളി മരണപ്പെടുമ്പോൾ മൃതദേഹത്തിന്റെ യാത്രാ ചെലവ് തുടങ്ങിയവക്ക് ഐ.സി.ഡബ്ല്യൂ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ഫണ്ട് ഉപയോഗപ്പെടുത്തണം എന്നതിന്റെ അടിസ്ഥാനത്തിൽ 2017ൽ നിർദേശങ്ങൾ കൂടുതൽ ലളിതവുമാക്കിയിരുന്നു. എന്നാൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും നിയമസഹായത്തിനുമായാണ് വലിയൊരു തുകയും ചെലവഴിക്കുന്നത്. കുവൈത്തിൽ നാലു വർഷമായി നിയമസഹായത്തിന് തുക ചെലവഴിച്ചില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിലാളി മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ വിമാനടിക്കറ്റ്, കാർഗോ ചാർജ്, എംബാമിങ് ചാർജ് തുടങ്ങിയവ തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. അതേസമയം, തൊഴിലുടമ വഹിക്കാത്ത സാഹചര്യങ്ങളിൽ ബന്ധുക്കളോ സാമൂഹിക സംഘടനകളോ വ്യക്തികളോ വഹിക്കും. ചില കേസുകളിൽ എംബസി ഈ തുക ചെലവഴിച്ച വ്യക്തികൾക്ക് നൽകുകയും ചെയ്യും. അനാഥ മൃതദേഹങ്ങളുടെ ചെലവ് പൂർണമായും എംബസിയാണ് വഹിക്കുന്നത്.
ഫണ്ട് ഉറവിടങ്ങൾ
പ്രവാസികളിൽനിന്നുതന്നെ വിവിധ മാർഗങ്ങളിലൂടെയാണ് ഐ.സി.ഡബ്ല്യൂ.എഫിലേക്കുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്. പാസ്പോർട്ട്, വിസ, ഒ.സി.ഐ, പി.ഐ.ഒ കാർഡുകൾ എന്നിവയുടെ സേവനങ്ങൾ, അറ്റസ്റ്റേഷൻ, കോൺസുലാർ സർവിസ് എന്നിവയിൽനിന്നുള്ള ഫീസ് വഴിയും വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകുന്നതിൽനിന്നുമെല്ലാമായി കണ്ടെത്തുന്ന തുകയാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ പ്രധാന ഉറവിടം. ആദ്യഘട്ടത്തിൽ കേന്ദ്ര ബജറ്റിൽ വിദേശകാര്യ മന്ത്രാലയത്തിന് അനുവദിക്കുന്നതിൽനിന്ന് നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് സ്വയംപര്യാപ്തമായതോടെ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

