ആശ്വാസം, ആശങ്ക
text_fieldsകുവൈത്ത് സിറ്റി: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രഖ്യാപനത്തിലെ ആശ്വാസത്തിനിടെ കുവൈത്തിൽ ആശങ്ക പടർത്തി വീണ്ടും ആക്രമണം. ഞായറാഴ്ച രാവിലെ ശക്തമായ ആക്രമണമാണ് കുവൈത്ത് ലക്ഷ്യംവെച്ചുണ്ടായത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി. ആക്രമണങ്ങളിൽ രണ്ടിടങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ പുലർച്ചെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. സംഭവത്തെ കുവൈത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കുവൈത്ത് ആർമി വിശേഷിപ്പിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കി. വിമാനത്താവളത്തിലെ അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രധാന ആസ്ഥാനത്ത് തീയും വൈകാതെ നിയന്ത്രണ വിധേയമാക്കി.
ഞായറാഴ്ച രാവിലെ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധസേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു
കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ലാൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലെഫ്. കേണൽ അബ്ദുല്ല അൽ ഷറ, മേജർ ഫഹദ് അൽ മുജമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെയാണ് മരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥരുടെ മരണത്തിൽ ആഭ്യന്തര മന്ത്രാലയം ദുഃഖം രേഖപ്പെടുത്തുകയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ഉത്തരവാദിത്തങ്ങൾ സുരക്ഷസേന തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

