ഇസ്ലാമോഫോബിയ, മുസ്ലിം വിദ്വേഷം ചെറുക്കൽ
text_fieldsഅബീർ അൽ മുസൈൻ
കുവൈത്ത് സിറ്റി: ഇസ്ലാമോഫോബിയയും മുസ്ലിം വിദ്വേഷവും തടയാൻ ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. മത വിദ്വേഷ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള യു.എൻ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നും കുവൈത്ത് വ്യക്തമാക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ പ്രതിനിധി അബീർ അൽ മുസൈൻ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിലാണ് ഇത് വ്യക്തമാക്കിയത്.
മനുഷ്യ വൈവിധ്യം വിഭജനമല്ല, ശക്തിയുടെ ഉറവിടമാണെന്നും വ്യത്യാസങ്ങളെ ബഹുമാനിക്കുന്നതാണ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാർഗമെന്നും അവർ പറഞ്ഞു. 170ലധികം ദേശീയതകളുടെ ആളുകൾ ഒരുമിച്ച് ജീവിക്കുന്ന സഹിഷ്ണുതയുടെയും നീതിയുടെയും മാതൃകയാണ് കുവൈത്തെന്ന് അവർ ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയയും മത വിദ്വേഷ പ്രസംഗങ്ങളും വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അബീർ അൽ മുസൈൻ ഇത് സാമൂഹിക ഐക്യത്തെയും മനുഷ്യ ബഹുമാനത്തെയും ദുർബലപ്പെടുത്തുന്നുവെന്നും മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യു.എൻ പ്രത്യേക റിപ്പോർട്ടർ നസില ഗനിയയുടെ ശ്രമങ്ങളെ കുവൈത്ത് പ്രശംസിച്ചു. ഇസ്ലാമോഫോബിയ ഇപ്പോൾ ലോകമെമ്പാടും വേഗത്തിൽ വളരുന്ന മത വിവേചനത്തിന്റെ രൂപമാണെന്ന് ഗനിയയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഐക്യരാഷ്ട്രസഭയുടെ ഇസ്ലാമോഫോബിയ വിരുദ്ധ ദൂതനായി മിഗുവൽ മൊററ്റിനോസിനെ നിയമിച്ചതിനെയും കുവൈത്ത് സ്വാഗതം ചെയ്തു.വ്യത്യസ്ത മതങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സഹിഷ്ണുതയും ബഹുമാനവും വളർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

