നിറങ്ങൾ തീർത്ത് വസന്തം; നുവൈറും മാൾവയും തളിർത്തു
text_fieldsനുവൈർ പൂക്കൾ
കുവൈത്ത് സിറ്റി: വരണ്ടുണങ്ങിയ ഭൂമിയെ മഴയും മഞ്ഞുകാലവും തണുപ്പണിയിച്ചു. മരുഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയ ജലാംശങ്ങൾ ചെടിയും പൂക്കളുമായി പുനർജനിക്കുകയാണ്. മഞ്ഞ നിറത്തിൽ ചിരിതൂകി നിൽക്കുന്ന നുവൈർ പൂക്കളും പച്ച പന്തൽപോലെ പരന്നുകിടക്കുന്ന മാൾവ ചെടികളും ഇപ്പോൾ രാജ്യത്തുടനീളം കാണാം. തെരുവുകൾ, റോഡരികുകൾ, മരുഭൂമിപോലും പ്രകൃതിദത്തമായ ഈ ദൃശ്യമനോഹാരിതയുടെ ചന്തത്തിലാണ്. മാസങ്ങൾ വെയിലേറ്റ് കരിഞ്ഞുകിടന്ന ഇടങ്ങൾ വസന്തമെത്തിയതോടെ പൂക്കളും ചെടികളും നിറഞ്ഞ് ശാന്തതയും സന്തോഷവും ആനന്ദവും നൽകുന്ന കാഴ്ചയായി.
മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള പൂക്കളോടുകൂടിയ വസന്തകാല ചെടികളുടെ കൂട്ടമാണ് നുവൈർ. ചെറുതണ്ടിൽ ഒന്നിൽകൂടുതൽ പൂക്കളുമായി മഞ്ഞ നിറത്തിൽ ഇവ കൂട്ടത്തോടെ തലയുയർത്തി നിൽക്കുന്നത് കാണാം. തിളക്കവും തേജസ്സുംകൊണ്ട് സൂര്യനെപ്പോലെ കാണുന്നതിനാലാണ് നുവൈർ എന്ന പേര് വന്നത്. ശൈത്യകാലത്തും വസന്തകാലത്തും മരുഭൂമിയിലും റോഡരികിലും പൂക്കുന്ന നുവൈർ പ്രാദേശികമായി അൽ-ഹൻവ, അൽ-ഹൂതാൻ, അൽ-സംലൂക്ക്, അൽ-മാരാർ, അൽ-അദീദ്, അൽ-ഹംബ്സാൻ, അൽ-അതീത്ഖി എന്നീ പേരുകളിലും അറിയപ്പെടുന്നു.
മാൾവ ചെടികൾ
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തഴച്ചുവളരുന്ന ചെടിയാണ് മാൾവ. പൂക്കളെപ്പോലെ ഇലയുള്ള ഇനം. സൂര്യോദയസമയത്ത് പൂക്കൾ വിരിഞ്ഞ് അസ്തമയത്തോടെ അടയുന്ന ‘ഹംലൂക്ക്’എന്ന പൂക്കളും ഈ കാലത്ത് വ്യാപകമാണ്. മഴക്കുശേഷം ഉടൻ പൂക്കുന്ന ആദ്യത്തെ ചെടിയാണിത്. അഞ്ച് വൃത്താകൃതിയിലുള്ള ദളം ഉൾക്കൊള്ളുന്ന മനോഹരമായ അൽ ഹൂതാൻ പൂക്കളും വസന്തത്തിന്റെ വരവറിയിച്ച് എങ്ങും പൂത്തുനിൽപുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

