തണുപ്പിനെ പുണരാം; വസ്മ് സീസൺ രണ്ടാം ഘട്ടത്തിൽ, രാത്രിയിൽ തണുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യം തണുപ്പിനെ പുണരാൻ ഒരുങ്ങുന്നു. ഈ മാസം രണ്ടാം വാരം ആരംഭിച്ച വസ്മ് സീസൺ രണ്ടാം ഘട്ടമായ ‘സമകി’ലേക്ക് കടന്നതോടെ രാത്രികൾ കൂടുതൽ തണുപ്പേറിയതായി മാറുമെന്ന് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. 52 ദിവസം നീണ്ടു നിൽക്കുന്ന വസ്മ് സീസണിലെ രണ്ടാം ഘട്ടമാണ് 13 ദിവസം നീളുന്ന സമക്.
ഈ ഘട്ടത്തിൽ രാത്രിയിൽ തണുപ്പ് വർധിക്കുകയും കാലാവസ്ഥയിലും പ്രകൃതിയിലും മാറ്റം കാണപ്പെടുകയും ചെയ്യുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പ്രഭാതത്തിലെ കാറ്റ് ഈർപ്പമുള്ളതാകൽ, പകലുകള് ചുരുങ്ങൽ, രാത്രികൾ നീളം കൂടി വരൽ എന്നിവയും സവിശേഷതയാണ്. ഒട്ടകങ്ങൾ വെള്ളം കുടിക്കുന്നത് കുറഞ്ഞുവരുന്നതും ഈ കാലയളവിന്റെ പരമ്പരാഗത സൂചനയാണ്.
രാജ്യത്ത് സ്വാഭാവിക മഴ എത്തുന്ന ഘട്ടം കൂടിയാണ് വസ്മ് സീസൺ. ഒന്നാം ഘട്ടമായ ‘അവ’ സീസണിൽ മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും എത്തിയില്ല. അടുത്ത ആഴ്ചയും മഴക്ക് സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ, താപനിലയിൽ ഗണ്യമായ കുറവുവന്നിട്ടുണ്ട്. വസ്മ് സീസണിലെ അടുത്ത ഘട്ടങ്ങളായ ഗഫ്ര, സുബാന എന്നിവ കഴിയുന്നതോടെ രാജ്യം ശൈത്യകാലത്തിൽ പ്രവേശിക്കും.
ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചനയായും വസ്മ് സീസണിനെ കണക്കാക്കുന്നു.
നിലവിൽ രാജ്യത്ത് സുഖകരമായ കാലവസ്ഥയാണ്. വൈകീട്ടും രാവിലെയും സുഖകരമായ കാറ്റുവീശുന്നുമുണ്ട്. രാത്രിയിലും ചൂട് കുറവാണ്. മഴക്കാലത്തെ നേരിടുന്നതിനുള്ള തയാറെടുപ്പുകളും നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

