കാലാവസ്ഥ വ്യതിയാനം വിലയിരുത്തും; ഗൾഫിലെ ആദ്യത്തെ സമുദ്രനിരപ്പ് നിരീക്ഷണ കേന്ദ്രം കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ ആദ്യത്തെ സമുദ്രനിരപ്പ് നിരീക്ഷണ കേന്ദ്രം കുവൈത്തിൽ ആരംഭിച്ചു. സുസ്ഥിര തീരദേശ ആസൂത്രണം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ വിലയിരുത്താനും സമുദ്രനിരപ്പ് ഉയരുന്നതിനെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭം.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കിസർ) ആണ് സമുദ്രനിരപ്പ് നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. പരിസ്ഥിതി, ജീവശാസ്ത്ര ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ സ്റ്റേഷൻ തത്സമയ ഡാറ്റ നൽകുകയും തീരദേശ പരിസ്ഥിതിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനുള്ള സുപ്രധാന ഉപകരണമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജലോപരിതലത്തിന് മുകളിലും താഴെയുമായി സമുദ്രനിരപ്പ് അളക്കുന്നതിനുള്ള ഇരട്ട സെൻസറുകൾ സജ്ജീകരിച്ച സ്റ്റേഷൻ, കിസറിലെ കേന്ദ്ര ഡാറ്റാബേസിലേക്ക് തത്സമയം വിവരങ്ങൾ കൈമാറും. അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി ആഗോള ശാസ്ത്ര സമൂഹവുമായും വിവരം പങ്കിടും. രാജ്യത്തുടനീളം കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിച്ച് തീരദേശ നിരീക്ഷണ ശൃംഖല വികസിപ്പിക്കാൻ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ശ്രമിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

