വായനയും എഴുത്തും സൗഹൃദവും പങ്കുവെച്ച് ‘ക്ലിക്ക്’
text_fieldsകേരള ലൈബ്രറി ഇൻ കുവൈത്ത് അംഗങ്ങൾ ഷുവൈഖ് ബീച്ചിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ വായനക്കാരുടെയും പുസ്തക പ്രേമികളുടെയും കൂട്ടായ്മയായ കേരള ലൈബ്രറി ഇൻ കുവൈത്ത് (ക്ലിക്ക്) അംഗങ്ങൾ ഷുവൈഖ് ബീച്ചിൽ ഒത്തുകൂടി. കൂട്ടായ്മ രൂപവത്കരിച്ചതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഒത്തുച്ചേരലിൽ അംഗങ്ങൾ വായന അനുഭവങ്ങളും എഴുത്തിനെയും പുസ്തകങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. മലയാള പുസ്തകങ്ങൾ ലഭ്യമാകാൻ വലിയ ക്ഷാമം അനുഭവപ്പെടുത്ത കുവൈത്തിൽ കൂട്ടായ്മയുടെ ഭാഗമായതോടെ നിരവധി പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാസവും ഒത്തുകൂടാനും വായനാനുഭവങ്ങൾ പങ്കുവെക്കാനും തീരുമാനമായി.
മലയാളി കൂട്ടായ്മയിൽ ഒരു വർഷം മുമ്പ് രൂപം നൽകിയ കേരള ലൈബ്രറി ഇൻ കുവൈത്തിൽ എഴുന്നൂറിലേറെ അംഗങ്ങളുണ്ട്. പുസ്തകങ്ങളുടെ കൈമാറ്റത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുസ്തകമുള്ളവർ അവയുടെ ചിത്രവും വിവരങ്ങളും വാട്സാപ് ഗ്രൂപ്പിൽ പങ്കുവെക്കുകയാണ് രീതി. തുടർന്ന് ആവശ്യക്കാർ സഥലത്തെത്തി അവ കൈപ്പറ്റുകയും വായിച്ചുകഴിഞ്ഞാൽ ഉടമക്കോ മറ്റു ആവശ്യക്കാർക്കോ കൈമാറുകയും ചെയ്യും.
ഇതു വഴി എല്ലാവർക്കും വായനക്കു സൗകര്യം ഒരുക്കലാണ് ലക്ഷ്യം. വായനാനുഭവങ്ങൾ, ആസ്വാദന കുറിപ്പ് എന്നിവ ഗ്രൂപ്പിൽ പങ്കുവെക്കുന്നതോടെ അംഗങ്ങളുടെ എഴുതാനുള്ള കഴിവിനെയും കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നു. അംഗങ്ങളുടെ പുസ്തകങ്ങൾക്കും പിന്തുണ നൽകുന്നു. ഹൗസ് മെയ്ഡ് പോലുള്ള ജോലിക്കാർക്ക് പുസ്തകം വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിയും കൂട്ടായ്മ രൂപപ്പെടുത്തിവരികയാണ്. പുസ്തകങ്ങളുടെ വലിയ ശേഖരം ഇപ്പോൾ കൂട്ടായ്മക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

