സിവിൽ ഐ.ഡി ഡെലിവറി: സേവനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ് നല്കി പാസി
text_fieldsകുവൈത്ത് സിറ്റി: സിവിൽ ഐ.ഡി കാർഡ് ഡെലിവറി സേവനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ശ്രമത്തിനെതിരെ മുന്നറിയിപ്പ് നല്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍. സിവിൽ ഐ.ഡി കാർഡ് ഡെലിവറി സേവനം വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
നിലവില്‍ സിവിൽ ഐ.ഡി കാര്‍ഡുകള്‍ക്ക് ഡെലിവറി സേവനം ലഭ്യമല്ല. അപേക്ഷകർക്ക് 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്. സിവിൽ ഐ.ഡി കാർഡുകൾ തയാറായാൽ അതോറിറ്റിയുടെ മെഷീനുകളിൽനിന്ന് കാര്‍ഡുകള്‍ ശേഖരിക്കാമെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍ വ്യക്തമാക്കി.
വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഔദ്യോഗിക സംവിധാനങ്ങളുടെ പേരിൽ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന ലിങ്കുകളോട് പ്രതികരിക്കരുതെന്നും ബാങ്ക് കാര്‍ഡുകള്‍, പിൻ നമ്പറുകൾ അടക്കമുള്ള നിർണായക വിവരങ്ങൾ നൽകരുതെന്നും നേരത്തേ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

