സ്നേഹത്തിന്റെ ക്രിസ്മസ്
text_fieldshttps://www.madhyamam.com/tags/Christmas
ക്രിസ്മസ് എത്തിയാല്‍ ആദ്യം മനസ്സിലേക്ക് വരുന്നത് പ്ലം കേക്കിന്റെ മണമാണ്. അത് കുട്ടിക്കാലത്തെ സന്തോഷങ്ങളെ തിരികെവിളിച്ചുകൊണ്ടുവരും. മഞ്ഞുതുള്ളികൾ പോലെ ഇളം കാറ്റ് നെഞ്ചിൽ പതിക്കുമ്പോൾ സന്തോഷവും പ്രതീക്ഷയും ഒന്നായി ചേർന്ന് ഒഴുകും. ഒരു വീട്ടിനുള്ളിൽ മാത്രമല്ല, മനസ്സിനുള്ളിൽ വരെ വെളിച്ചം തെളിയിച്ച വർഗീസ് അങ്കിളിന്റെയും ആനി ആന്റിയുടെയും സ്നേഹവീട്ടിലാണ് എന്റെ ക്രിസ്മസ് ഓര്‍മ്മ. എന്റെ ഉപ്പപ്പന്റെ കൂട്ടുകാരാണ് തൃശൂരിലുള്ള അവര്‍. ക്രിസ്മസിന് അങ്ങോട്ടൊരു യാത്ര പതിവായിരുന്നു. വാതിൽ തുറക്കുമ്പോൾതന്നെ സ്വാഗതം പറയാറുള്ളത് അങ്കിളിന്റെ ചിരിയായിരുന്നു.
അടുക്കളയിൽനിന്ന് ഉയരുന്നത് വിഭവങ്ങളുടെ ഗന്ധം മാത്രമല്ല ആനി ആന്റിയുടെ കരുണയും കരുതലും കൂടിയാണ്. ഒരോ വിഭവത്തിലൂടെയും അവരുടെ കൈപ്പുണ്യം വേറെ അറിയാം. സ്റ്റാറിന്റെ വെളിച്ചത്തിൽ കേക്ക് മുറിച്ച നിമിഷം, ആകാശത്ത് മിന്നിയ നക്ഷത്രങ്ങളെക്കാൾ കൂടുതൽ പ്രകാശിച്ചത് അവിടെ കൂടിച്ചേർന്ന മുഖങ്ങളിലെ സന്തോഷമായിരുന്നു. ഉമ്മ പണ്ട് അവരുടെ കൂടെ കൊൽക്കത്തയിൽ ഉള്ളപ്പോൾ അവരുടെ മോനും കളിക്കൂട്ടുകാരായിരുന്നു. മലപ്പുറം ഭാഷയും തൃശൂർ ഭാഷയും തമ്മിലുള്ള വ്യത്യാസം എപ്പോഴും ഉമ്മാന്റെ കഥകളിൽ നിന്ന് ഞങ്ങൾക്ക് കേള്‍ക്കാമായിരുന്നു. ജയനോട് മണ്ടിക്കോ പറഞ്ഞതും, ലിസി ചേച്ചിയെ എത്തബളെ ചോദിച്ചതിൽ എന്നെ തവളയെന്ന് വിളിച്ചൂന്ന് പരാതി പറഞ്ഞതും എല്ലാം.
പഴയ കഥകൾ പറഞ്ഞും ചൂടുള്ള ചായ കുടിച്ചും സമയം മറന്ന് ഇരുന്ന ആ മണിക്കൂറുകൾ ജീവിതം എത്ര മനോഹരമാണെന്ന് വീണ്ടും ഓർമിപ്പിച്ച നിമിഷങ്ങൾ. ആ വീട്ടിൽ സ്നേഹം ഒരിക്കലും പറഞ്ഞറിയിക്കേണ്ടതില്ല, അത് സ്വാഭാവികമായി ഒഴുകുകയായിരുന്നു. ഇന്നും ക്രിസ്മസ് എത്തുമ്പോൾ, സ്റ്റാറുകൾ മിന്നുമ്പോൾ, പാട്ടുകൾ മുഴങ്ങുമ്പോൾ മനസ്സ് അറിയാതെ അവിടെത്തന്നെ എത്തിപ്പെടും. വർഗീസ് അങ്കിളിന്റെ സ്നേഹവാക്കുകളും ആനി ആന്റിയുടെ മൗനപ്രാർഥനയും ഹൃദയത്തിനുള്ളിൽ വീണ്ടും ജീവിക്കും. ജീവിതത്തിന്റെ പുസ്തകത്തിൽ എഴുതിവെക്കുന്ന മാഞ്ഞുപോകാത്തൊരു ഓര്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

