യു.എൻ ജനറൽ അസംബ്ലിയിൽ കുവൈത്ത്; കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
text_fieldsകുവൈത്ത് സിറ്റി: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികൾക്കായി മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉറപ്പിച്ച് കുവൈത്ത്. ഇതിനായുള്ള വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങളെ പിന്തുണക്കുന്നതായും ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം ദൗത്യത്തിലെ പ്രഥമ സെക്രട്ടറി ഫഹദ് മുഹമ്മദ് അൽ ഹാജി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ജനറൽ അസംബ്ലിയിൽ 'കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക' എന്ന വിഷയത്തിലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങൾ, കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, സായുധ കലാപങ്ങൾ, യുദ്ധം, സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യദൗർലഭ്യം, പട്ടിണി തുടങ്ങിയ നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുകയാണ്. ജനങ്ങളെ നേരിട്ടുബാധിക്കുന്ന ഇത്തരം വിഷയങ്ങൾ കുട്ടികളെ വലിയ പ്രയാസങ്ങളിലാക്കുന്നു. സംഘർഷങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയുടെ വക്കിലേക്കും കുട്ടികളെ തള്ളിവിടുന്നു. ഇത് അവരുടെ മാനസിക-ശാരീരിക നിലയെ ബാധിക്കുകയും വിദ്യാഭ്യാസം നിലച്ചുപോകാൻ കാരണമാകുന്നതായും മുഹമ്മദ് അൽ ഹാജി സൂചിപ്പിച്ചു.
2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കുട്ടികളുടെ ആവശ്യങ്ങളിൽ സമഗ്രമായ സമീപനം കൈവരിക്കാൻ ലക്ഷ്യമിടുന്നതായി അൽ ഹാജി പറഞ്ഞു. കുടുംബത്തെയും കുട്ടികളെയും ശക്തിപ്പെടുത്തുന്നതിനായി ഭരണഘടന തത്ത്വങ്ങളെ അടിസ്ഥാനമാക്കി കുവൈത്ത് നടപ്പാക്കിയ നിയമങ്ങൾ അദ്ദേഹം പരാമർശിച്ചു. 2015ൽ നിലവിൽവന്ന കുവൈത്ത് ബാലാവകാശ നിയമം കുട്ടികളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, അക്രമം, ഉപദ്രവം, ശാരീരികമോ ധാർമികമോ ലൈംഗികമോ ആയ ദുരുപയോഗത്തിൽ നിന്നുള്ള സംരക്ഷണം, വിവേചനത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ നിയമം വഴി ഉറപ്പാക്കുന്നതായും ഫഹദ് മുഹമ്മദ് അൽ ഹാജി അറിയിച്ചു.
കുവൈത്ത് തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. വിഷൻ 2035 യാഥാർഥ്യമാക്കുന്നതിന് സാമൂഹിക പുരോഗതി, വിദ്യാഭ്യാസം എന്നതിന്റെ പ്രാധാന്യം രാജ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

