കുരുന്നു പ്രതിഭകളുടെ സർഗോത്സവ വേദിയായി ‘ബാലകലാമേള’
text_fieldsകല കുവൈത്ത് ബാലകലാമേളയിൽ ടി.വി. ഹിക്മത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സംഘടിപ്പിച്ച ബാലകലാമേള കുരുന്നു പ്രതിഭകളുടെ സർഗോത്സവ വേദിയായി. കുവൈത്തിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 1000ത്തോളം മത്സരാർഥികൾ ബാലകലാമേളയിൽ പങ്കെടുത്തു. പന്ത്രണ്ടു വേദികളിലായി പതിനെട്ട് മത്സരയിനങ്ങൾ അരങ്ങേറി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. വേദികൾ ഓരോന്നിനും വ്യത്യസ്തങ്ങളായ പേര് നൽകിയതും ആകർഷകമായി. നാലു വിഭാഗങ്ങളിലായി ഭാരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ്, ഗ്രൂപ് ഡാൻസ്, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, മോണോ ആക്ട്, ഒപ്പന, ഗ്രൂപ് സോങ് തുടങ്ങിയവ കുട്ടികളിലും മുതിർന്നവരിലും ആവേശം പകർന്നു.
മത്സരങ്ങൾ കാണാൻ നിരവധി പേരാണ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ എത്തിയത്. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, സ്വാഗതസംഘം ജനറൽ കൺവീനർ ബിജോയ് എന്നിവർ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ബിജോയ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

