Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലികളായി മാറിയ കുട്ടിക്കാലം...

text_fields
bookmark_border
പുലികളായി മാറിയ കുട്ടിക്കാലം...
cancel

ഓണം എന്നും ഞങ്ങൾ തൃശൂരുകാർക്ക് ആഘോഷക്കാലമാണ്. പൂക്കളവും പുലിക്കളിയും മുതൽ നാടൻ കലാരൂപങ്ങളും വിഭവങ്ങളും ഒരുമിക്കുന്ന ഓണപ്പൊലിമകളുടെ സുന്ദരകാലം. കുട്ടികാലത്തെ ഓണനാളിൽ പുലിക്കളിയായിരുന്നു കാത്തിരുന്ന ഒന്ന്.

കടുവയുടെ ശരീരത്തിന് തുല്യമായ വരകളും, മുഖവും ശരീരത്തിൽ വരച്ചു, മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് ചുവടുവെക്കുന്ന പുലികൾ നഗരവീഥിയിലൂടെ നീങ്ങുന്നത് ഓണക്കാലത്താണ്. പപ്പ, അമ്മ, അനിയൻ ആൻസൻ എന്നിവർകൊപ്പമാണ് പുലിക്കളി കാണാൻ പോകുക.

കഥകളിലെ ഭീകരരായ പുലികളാണ് ഇതെന്നു കരുതി പേടിച്ചു പപ്പയുടെയും അമ്മയുടെയും പിറകിലേക്കു മാറുന്ന കുട്ടിക്കാലം. കുറെ കൂടി മുതിർന്ന് ഈ ‘പുലികൾ’ മനുഷ്യർ വേഷം കെട്ടിയതാണെന്ന് മനസ്സിലായി തുടങ്ങിയതോടെയാണ് പേടി പോയി ആ നൃത്തചുവടുകളെ ഇഷ്ടപ്പെട്ടുത്തുടങ്ങിയത്. എല്ലാ ഓണക്കാലവും പിന്നെ പുലികളുടെ വരവിനുള്ള കാത്തിരിക്കൽ കാലം കൂടിയായി.

മുഖത്ത് നിറങ്ങൾ വരച്ചുചേർത്തു പുലികളായി മാറിയാകും പിന്നീടുള്ള കുറച്ചു ദിവസം ഞങ്ങൾ കുട്ടികളുടെ കളി. ക്രിസ്ത്യൻ കുടുംബമാണെങ്കിലും ഓണദിവസം നാടൻ സദ്യ ഒരുക്കലും വീട്ടിൽ പതിവായിരുന്നു. വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളജിൽ ബി-ടെകിന് ചേർന്നതോടെ ഓണം കുറെ കൂടി കളറായി. കോളജിലെ ഓണക്കാലം ശരിക്കും ആഘോഷത്തിന്റെതായിരുന്നു. യുവത​്വത്തിന്റെ പ്രസരിപ്പും തിമിർപ്പുമെല്ലാം കോളജിലെ ഓണാഘോഷത്തിൽ എന്നും ഉണ്ടാകും.

ആഘോഷ ദിനം എത്തും മുമ്പേ ഞാനും സ​ുഹൃത്തുക്കളായ ലീബ, മിന്റു, റാഷി എന്നിവരും ചേർന്ന് ഒരുക്കങ്ങൾ ആരംഭിക്കും. ആഘോഷദിവസം ഏതു ഡ്രസ് ഇടണം, എന്തൊക്കെ ആഭരണങ്ങൾ അണിയണം എങ്ങനെ അണിഞ്ഞൊരുങ്ങണം എന്നെക്കെയായിരിക്കും ആദ്യ ചർച്ചകൾ.

കോളജിലെ ആഘോഷമെന്നാൽ വിദ്യാർഥികളുടെ ഒരു സൗന്ദര്യ മൽസരം കൂടിയാണല്ലോ എന്നും! അതിന്റെ എല്ലാ പൊലിമയോടെയാകും ആഘോഷ ദിവസം കോളജിൽ എത്തുക.

കുട്ടിക്കാലവും കോളജും വിട്ടതോടെ ശരിക്കും നഷ്ടപ്പെട്ടത് ഈ ദിവസങ്ങളെയാണ്. നമ്മൾ ഒരിക്കലും വലുതാകേണ്ടിയിരുന്നില്ല എന്നു തോന്നുന്ന നിമിഷങ്ങൾ. വിവാഹവും പ്രവാസ ജീവിതവും ആ നഷ്ടങ്ങളെ ഇരട്ടിപ്പിച്ചു.

കുവൈത്തിൽ ആ നഷ്ടങ്ങൾ നികത്തിയത് തൃശൂർ അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പ​ങ്കെടുത്തു തുടങ്ങിയതോടെയാണ്. വിവിധ മൽസരങ്ങളും ആഘോഷദിനവും സദ്യയും എല്ലാം പഴയ ഓണ ഓർമകളിലേക്ക് തിരിച്ചു നടത്തുന്നു. ഇഷ്ടങ്ങളെ ഓർമകളുടെ നൂലിൽ ചേർത്തുനിർത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Childhood That Turned Into Tigers...
Next Story