മുഖ്യമന്ത്രിയുടെ സന്ദർശനം; കേന്ദ്രം തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ ഒരുക്കം
text_fieldsകുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് ഒരുക്കങ്ങൾ പുരോഗമിക്കവെ അപ്രതീക്ഷിതമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കുള്ള അനുമതി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഈ മാസം 16 മുതല്‍ നവംബര്‍ ഒമ്പത് വരെയായിരുന്നു ജി.സി.സി രാജ്യങ്ങളിൽ മുഖ്യമന്ത്രിയുടെ പര്യടനം നിശ്ചയിച്ചിരുന്നത്. മന്ത്രി സജി ചെറിയാനും നോർക്ക, മലയാളം മിഷൻ പ്രതിനിധികളും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്.
16ന് ബഹ്റൈന്‍, 17ന് സൗദിയിലെ ദമ്മാം, 18ന് ജിദ്ദ, 19ന് റിയാദ്, 24നും 25നും മസ്കത്ത്, 30ന് ഖത്തർ, നവംബർ ഏഴിന് കുവൈത്ത്, ഒമ്പതിന് അബുദബി എന്നിങ്ങനെയായിരുന്നു പര്യടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കാനും വിവിധ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനും പ്രവാസി സംഘടനകൾ ഒരുക്കം നടത്തുന്നതിനിടെയാണ് യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്.
അതേസമയം ഗൾഫ് യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിട്ടുമോ എന്ന് നോക്കാമല്ലോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര സർക്കാർ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ലോക കേരളസഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ചേർന്ന് സ്വീകരണ ഒരുക്കങ്ങൾ നടത്തിവരുന്നതായും ലോക കേരളസഭാംഗവും കല കുവൈത്ത് ജനറൽ സെക്രട്ടറിയുമായ ടി.വി. ഹിക്മത് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടേത് നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൾഫ് പര്യടനമാണ് യു.ഡി.എഫ് പക്ഷത്തെ പ്രവാസി സംഘടനകളുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുമെന്ന് കുവൈത്ത് കെ.എം.സി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ?ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും, വിവിധ വിഷയങ്ങളിൽ അനാസ്ഥ തുടരുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ സന്ദർശനം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകമാണെന്നും കെ.എം.സി.സി ആരോപിച്ചു.
സംഘാടക സമിതി യോഗം ഇന്ന്
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ലോക കേരളസഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ഇന്ന് യോഗം ചേരും. വൈകുന്നേരം 6.30ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് യോഗം. 1998ന് ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
കുവൈത്ത് മലയാളി സമൂഹത്തെ നേരിൽ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം ലക്ഷ്യമിടുന്നത്. സന്ദർശനം വിജയകരമാക്കുന്നതിനും സ്വീകരണം ഒരുക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിൽ കുവൈത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും വ്യക്തികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

