മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച രാവിലെ കുവൈത്തിലെത്തിയ മുഖ്യമന്ത്രി കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ.സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനനിർമാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ഉപപ്രധാനമന്ത്രി ശൈഖ് ഫഹദിനെ മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ.ജയതിലക് ഐ.എ.എസ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ശൈഖ് മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്കായി കുവൈത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിശ്അൽ മുഖ്യമന്ത്രിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

