മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിൽ
text_fieldsപിണറായി വിജയൻ
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. വ്യാഴാഴ്ച രാവിലെ 6.30ന് കുവൈത്തിലെത്തുന്ന മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.
സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. പ്രവാസികൾക്കായി സര്ക്കാര് ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം. ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് കുവൈത്തിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കുവൈത്ത് സജ്ജമായതായി സംഘാടകർ അറിയിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വീകരണത്തോടനുബന്ധിച്ച് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശന ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി കുവൈത്തിൽനിന്ന് മുഖ്യമന്ത്രി യു.എ.യിലേക്ക് തിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദർശനം വിജയകരമാക്കാൻ മുഴുവൻ മലയാളികളും സഹകരിക്കണമെന്ന് സംഘാടക സമിതിക്ക് വേണ്ടി ടി.വി. ഹിക്മതും മലയാളം ഭാഷാമിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജിയും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

