കശ്മീർ താഴ്വരയിലെ ചെറികൾ കുവൈത്ത് ലുലുവിലും
text_fieldsകശ്മീരിലെ ചെറിയുടെ ലോഞ്ചിങ് പരിപാടിയിൽ ഇന്ത്യൻ എംബസി പ്രതിനിധികളായ സഞ്ജയ് കെ. മുലുക, ദേവീന്ദർ പുഞ്ച്, ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ
വിൽപനക്കുവെച്ച കശ്മീരിലെ ചെറി
കുവൈത്ത് സിറ്റി: മികച്ച ഗുണനിലവാരവും രുചിയും കൊണ്ട് ശ്രദ്ധേയമായ ജമ്മു -കശ്മീരിലെ ചെറികൾ കുവൈത്തിലും എത്തി. കടും ചുവപ്പ് നിറത്തിനും അസാധാരണമായ മധുരത്തിനും പേരുകേട്ട ഇവ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ലഭ്യമാണ്. അൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രത്യേക പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുലുക, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി/പി.പി.എസ് (കൊമേഴ്സ്) ദേവീന്ദർ പുഞ്ച്, ലുലു ഹൈപ്പർമാർക്കറ്റിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ലോഞ്ചിങ് നിർവഹിച്ചു. ലോഞ്ചിന്റെ ഭാഗമായി ചെറികൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാംഗോസ്റ്റീൻ, ജാവ പ്ലം, പുലാസൻ തുടങ്ങിയ വിദേശ ഇന്ത്യൻ പഴങ്ങളുടെയും ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ജമ്മു -കശ്മീരിലെ ചെറികൾ കുവൈത്തിലെത്തിയത് ഇന്ത്യൻ കാർഷിക കയറ്റുമതിയിലെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു. ഹിമാലയൻ മേഖലയിൽനിന്നുള്ള ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുടെ ആഗോള ആവശ്യകത വർധിക്കുന്നതും ഇത് പ്രതിഫലിപ്പിക്കുന്നു. കുവൈത്ത് വിപണിയിൽ കശ്മീരി ചെറികളെത്തിക്കുന്നത് ഉപഭോക്താക്കൾക്കും ഉൽപാദകർക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു വ്യക്തമാക്കി. ഇന്ത്യൻ കർഷകരെ പിന്തുണക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പഴങ്ങൾ ഇതു വഴി ലഭ്യമാകുന്നതായും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

