കാർഷിക കലണ്ടറിലെ മാറ്റം കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു -മന്ത്രി പി. പ്രസാദ്
text_fieldsമന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: പരമ്പരാഗത കാർഷിക കലണ്ടറിലെ മാറ്റം കേരളത്തിലെ കൃഷിരീതികളെ പ്രതികൂലമായി ബാധിക്കുന്നതായി കൃഷിമന്ത്രി പി. പ്രസാദ്. കുവൈത്തിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യയിൽ നെല്ലിന് കൂടുതൽ വില നൽകി സംഭരിക്കുന്നത് കേരളമാണ്. നെല്ലുൽപാദിപ്പിക്കുന്ന കർഷകരിൽനിന്നു സർക്കാർ പൂർണമായും സംഭരിക്കുന്നു. എന്നാൽ, കാലാവസഥ പ്രശ്നം കൃഷിയെ ബാധിക്കുന്നു. പ്രത്യേകിച്ച് നെൽകൃഷിയെ ജല ദൗർലഭ്യതയുടെ പ്രശ്നം മാത്രമല്ല ബാധിക്കുന്നത്, കണക്കുകൂട്ടുന്നതിനപ്പുറം മഴ പെയ്യുന്നതും കേരളം പുതുതായി നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിനൊരു പരമ്പരാഗത കാർഷിക കലണ്ടർ ഉണ്ടായിരുന്നു. ഇതിന് ഇപ്പോൾ വലിയ മാറ്റം സംഭവിച്ചു. ഇടവം പാതിയിൽ എത്തുന്ന മഴക്ക് ഇടവപ്പാതിയെന്നും, തുലാംമാസത്തിലെ മഴക്ക് തുലാവർഷമെന്നുമൊക്കെ വിളിച്ച് കൃത്യമായ കണക്കുകൂട്ടലുകളും ധാരണകളും നമുക്കുണ്ടായിരുന്നു. ഈ രീതികളിൽ ഇപ്പോൾ മാറ്റം വന്നു. കൃഷിയെ അത് സാരമായി ബാധിച്ചു. കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ല എന്നതും പ്രശ്നമാണ്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നതും, കായികാധ്വാനമുള്ള ജോലികൾ ചെയ്യുന്നതും മോശപ്പെട്ട പണിയാണെന്നുമുള്ള തെറ്റായ ധാരണ മലയാളിയിൽ കയറിക്കൂടിയിട്ടുണ്ട്. മലയാളിയുടെ ശീലങ്ങളുടെയും ധാരണകളുടെയും തുടർച്ചയിൽ വന്ന മാറ്റങ്ങളിൽ പെടുന്നവയാണിതെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനക്ക് അനുസൃതമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ എടുക്കുന്നത്. ആ തീരുമാനം നടപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഗവർണർക്കുള്ളതാണ്. ഗവർണർക്ക് അത് നടപ്പാക്കൽ അനിവാര്യമാണെന്നാണ് സർക്കാറിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

