വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥയിൽ ക്രമാനുഗതമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണം. അടുത്ത ദിവസം മുതൽ അന്തരീക്ഷം മേഘാവൃതമാകുകയും മഴക്കുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ നേരിയ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയോടെ ഇത് വേരിയബിൾ ദിശകളിലേക്ക് മാറും.
ഇതോടെ മേഘ രൂപീകരണത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി ആഴ്ചാവസാനം വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകും. ഇടക്കിടെ നേരിയ മഴ പെയ്യാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു.ഡിസംബർ 10 ന് മുമ്പ് രാജ്യത്ത് സാധാരണ ശൈത്യകാല മഴ ലഭിക്കാനുള്ള സാധ്യത കാണുന്നു. കാലാവസ്ഥ സൂചകങ്ങൾ മെച്ചപ്പെട്ടതും, മഴമേഘങ്ങൾ പ്രദേശത്തേക്ക് നീങ്ങുന്നതും ഇതിന് സഹായകമാണെന്നും ഇസ്സ റമദാൻ അഭിപ്രായപ്പെട്ടു.
ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ വർധിച്ചുവരുന്ന ആഘാതവും ഈ സീസണിൽ പ്രകടമാണെന്ന് ഇസ്സ റമദാൻ സൂചിപ്പിച്ചു. ചില പ്രദേശങ്ങളിൽ മഴ വൈകുന്നതും തണുത്ത താപനിലയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ തണുത്ത കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും നിലവിൽ യൂറോപ്പിന്റെ വലിയ ഭാഗങ്ങളെ ബാധിക്കുന്നുണ്ടെന്നും, പാരീസിൽ ഈ സമയത്ത് അസാധാരണമാംവിധം നേരത്തെ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, രാജ്യത്ത് കഴിഞ്ഞ ആഴ്ച മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും എത്തിയില്ല. ഒരു ദിവസം നേരിയ മഴ മാത്രമാണ് ഈ സീസണിൽ ലഭിച്ചത്. താപനില പകൽ മിതമായും രാത്രിയും പുലർച്ചയും തണപ്പു നിറഞ്ഞ നിലയിലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

