ജാഗ്രത വേണമെന്ന് സെൻട്രൽ ബാങ്ക്; വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: വ്യാജ സർക്കാർ വെബ്‌സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ഓൺലൈൻ ലിങ്കുകൾ വഴി പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരത്തിലുള്ളവ ഡാറ്റയും പണവും നഷ്ടപ്പെടുത്തുമെന്നും ഓർമിപ്പിച്ചു. സർക്കാർ മന്ത്രാലയങ്ങളെയും ഔദ്യോഗിക സ്ഥാപനങ്ങളെയും അനുകരിച്ചുള്ള വ്യാജ സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൃഷ്ടിച്ചാണ് ഇത്തരക്കാരുടെ തട്ടിപ്പ്. വ്യത്യസ്ത ലിങ്കുകൾ അയച്ചു വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഡാറ്റയും മോഷ്ടിക്കുകയാണ് രീതി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അജഞാത അക്കൗണ്ടുകളിൽ ഇടപഴകുകയോ അനൗദ്യോഗിക ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. പൊതു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ആശയവിനിമയങ്ങൾക്കും സ്ഥിരീകരിച്ച സർക്കാർ വെബ്‌സൈറ്റുകളെയും അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും മാത്രം ആശ്രയിക്കണം.
സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്തിയുള്ള സൈബർ തട്ടിപ്പ് ശ്രമങ്ങളുടെ ഭാഗമാണ് ഇവ. വ്യക്തി വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് ഉറവിടങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് ബാങ്ക് അഭ്യർത്ഥിച്ചു. സൈബർ സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

