ആഡംബര വാഹനത്തിൽ റോഡിൽ ആഘോഷം; ജലീബിൽ പ്രവാസികൾ പിടിയിൽ
text_fieldsപിടിച്ചെടുത്ത വാഹനങ്ങൾ
കുവൈത്ത് സിറ്റി: അക്കാദമിക് സെമസ്റ്ററിന്റെ അവസാനത്തിൽ ആഡംബര വാഹനത്തിൽ ജലീബിൽ പ്രവാസി വിദ്യാർഥികളുടെ ആഘോഷം. സഥലത്തെത്തിയ അധികാരികൾ വാഹനങ്ങളും ഉൾപ്പെട്ട വ്യക്തികളെയും കസ്റ്റഡിയിലെടുത്തു.
വാഹനങ്ങളിൽ എഴുന്നേറ്റ് നിന്നും ശരീരം പുറത്തേക്ക് ഇട്ടുമൊക്കെയായിരുന്നു ആഘോഷം. ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ പ്രവാസികൾ ആഡംബര വാഹനങ്ങൾ അശ്രദ്ധമായും നിരുത്തരവാദപരമായും ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന് സുരക്ഷാ ഉദ്യോഗസഥർ സ്വകാര്യ സ്കൂളിന് സമീപമുള്ള സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രവാസി വിദ്യാർഥികളാണ് ഒത്തുചേരൽ സംഘടിപ്പിച്ചതെന്നും കണ്ടെത്തി.
സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങളുടെ നമ്പറുകൾ സുരക്ഷാ ഉദ്യോഗസ്ഥർ രേഖപ്പെടുത്തുകയും ഡ്രൈവർമാരെ തിരിച്ചറിയുകയും ചെയ്തു.
ആഘോഷത്തിനായി വാഹനങ്ങൾ വാടകക്കെടുത്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉൾപ്പെട്ട വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു പെരുമാറ്റവും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികൾ തുടരും.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

