സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കൽ: പരീക്ഷ ഫീസ് തിരിച്ചുവേണമെന്ന് രക്ഷിതാക്കൾ
text_fieldsകുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താംതരം പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ നേരത്തെ അടച്ച പരീക്ഷ ഫീസ് തിരിച്ചുലഭിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ.
കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട അവസ്ഥയിൽ പ്രയാസപ്പെട്ടാണ് പലരും പരീക്ഷ ഫീസ് അടച്ചത്. ഒാരോ വിദ്യാർഥിയുടെ പേരിലും 60 ദീനാറിന് മുകളിൽ പരീക്ഷ ഫീസ് ആയി അടച്ചിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ വർഷത്തെ ഫീസ് കുടിശ്ശികയുള്ളവരുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതായും ക്ലാസ് കയറ്റം തടയുന്നതായും പരാതിയുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായ നിരവധി രക്ഷിതാക്കൾ ഫീസ് കുടിശ്ശിക വരുത്തിയിട്ടുണ്ട്. നാട്ടിൽ പോയ കുടുംബങ്ങളിലെ കുട്ടികളും ഒാൺലൈനായി ക്ലാസിൽ ഹാജരായിരുന്നു. ഇവരുടെയും ഫീസ് കുടിശ്ശികയാണുള്ളത്. ഭാഗികമായി കുടിശ്ശികയുള്ള കുട്ടികളുടെയും ക്ലാസ് കയറ്റം തടഞ്ഞതായാണ് വിവരം. ഫീസ് വാങ്ങിക്കുന്നതിലെ കാർക്കശ്യം റദ്ദാക്കിയ പരീക്ഷയുടെ പേരിൽ ഇൗടാക്കിയ ഫീസ് തിരിച്ചുനൽകുന്നതിലും വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

