സി.ബി.എസ്.ഇ പരീക്ഷ; മികച്ച വിജയവുമായി ഇന്ത്യൻ സ്കൂളുകൾ
text_fieldsതാഹ റഫീഖ് ചിക്തേ, ദേവപ്രിയ സുധീഷ്, ജോഅന്ന കെ. ബിനോയ്, ഷാന്റൽ ആൻ സോജി, പി. നിത്യ, സക്കീന, ബസ്മ എസ്. താക്കൂർ, ഫാത്തിമ ഷബീർ അലി, ഐറിൻ മേരി കുരുവിള, ചാന്ദിനി രാജേഷ്, കെസിയ എൽസ ബിലു
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്ത്-12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്കവാറും സ്കൂളുകൾ നേടിയത്. നിരവധി കുട്ടികൾ ഡിസ്റ്റിങ്ഷനും 90 ശതമാനത്തിന് മുകളിലും മാർക്ക് നേടി.
നല്ലൊരു ശതമാനം കുട്ടികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (ഐ.സി.എസ്.കെ-സീനിയർ) പരീക്ഷയെഴുതിയ വിദ്യാർഥികൾ മികച്ച വിജയം നേടിയതായി മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 12ാം ക്ലാസ് പരീക്ഷയെഴുതിയത് ഐ.സി.എസ്.കെ സ്കൂളുകളിലാണ്. 448 പേരിൽ 96.4 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നേടി. 132 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ താഹ റഫീഖ് ചിക്തേ 98.4 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. ദേവപ്രിയ സുധീഷ് 97.2 ശതമാനം മാർക്കു നേടി രണ്ടാമതെത്തി. ജോഅന്ന കെ. ബിനോയ്, ഷാന്റൽ ആൻ സോജി, പി. നിത്യ എന്നിവർ 96.4 ശതമാനം മാർക്ക് നേടി.
കോമേഴ്സ് വിഭാഗത്തിൽ സക്കീന 97.8 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. ബസ്മ എസ്. താക്കൂർ 97.2 ശതമാനവും ഫാത്തിമ ഷബീർ അലി 96.4 ശതമാനവും മാർക്ക് നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഐറിൻ മേരി കുരുവിള 98.8 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. ചാന്ദിനി രാജേഷ് 97 ശതമാനവും കെസിയ എൽസ ബിലു 96.8 ശതമാനവും മാർക്ക് നേടി രണ്ടും മൂന്നും സ്ഥാനം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തേ പ്രഖ്യാപിച്ചത് കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യും. മുൻവർഷങ്ങളിൽ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായിരുന്നു. പരീക്ഷഫലം വന്നതോടെ തുടർവിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഐസർ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളും നിരവധിയാണ്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ചു വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്.

