കെയർ ഫോർ കേരള: തെറ്റിദ്ധാരണ ഒഴിവാക്കി നാടിനായി മുന്നോട്ടുവരണം –നോർക്ക
text_fieldsകുവൈത്ത് സിറ്റി: കെയർ ഫോർ കേരള മിഷൻ ബാനറിൽ കുവൈത്തിൽനിന്ന് കേരളത്തിലേക്ക് മെഡിക്കൽ സഹായം അയക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും നീക്കണമെന്ന് നോർക്ക പ്രതിനിധി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കുവൈത്തിൽനിന്ന് വിഭവ ശേഖരണം നടത്തുന്നത്. ആദ്യ ഷിപ്പ്മെൻറ് ബോക്സിൽ ഒരു സംഘടനയുടെ പേര് വന്നത് സംഘാടകരുടെ ഇടപെടൽ മൂലമല്ല.
100 ഒാക്സിജൻ കോൺസെൻട്രേറ്ററും 38 ഒാക്സിജൻ സിലിണ്ടറും സൗജന്യമായി നൽകിയ സ്ഥാപനം അവരുടെയും അവരെ സഹായിച്ച സംഘടനയുടെയും പേര് പാക്കിങ് ബോക്സിൽ പതിച്ചതാണ്. ഗ്യാസ് വിതരണ മേഖലയിലെ ഒരു സ്ഥാപനം 50 സിലിണ്ടർ സൗജന്യമായി നൽകുകയും അവരുടെ സഹോദര സ്ഥാപനം ഷിപ്പിങ് സൗജന്യമായി നടത്തുകയും ചെയ്തു.
348 ഒാക്സിജൻ സിലിണ്ടറുകളും 100 ഒാക്സിജൻ കോൺസെൻട്രേറ്ററുകളും 250 റെഗുലേറ്ററുകളും ആദ്യ ഷിപ്പ്മെൻറിൽ അയച്ചു. കൂടാതെ 500 പൾസ് ഒാക്സിമീറ്ററുകൾ നാട്ടിൽനിന്ന് ഒാൺലൈനിൽ വാങ്ങി കേരള മെഡിക്കൽ സർവിസസ് കോർപറേഷനെ ഏൽപിച്ചിട്ടുമുണ്ട്. ആകെ 52000 ദീനാർ വിലയുള്ള സാധനങ്ങൾ അയക്കാൻ കഴിഞ്ഞു.
കൂടുതൽ വിഭവസമാഹരണത്തിന് ശ്രമിച്ചുവരികയാണ്. സഹകരിച്ച മുഴുവൻ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൂർണ വിവരങ്ങൾ അവരുടെ അനുവാദത്തോടെ പിന്നീട് ലഭ്യമാക്കും. വിമാനമാർഗം സാധനങ്ങൾ അയക്കാൻ എംബസിയുടെ സഹായം തേടാൻ നോർക്ക, കെയർ ഫോർ കേരള പ്രതിനിധികൾ അംബാസഡറെ സന്ദർശിച്ചു.
എംബസി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നാടിന് വേണ്ടി കൈകോർക്കാൻ മുഴുവൻ കുവൈത്ത് മലയാളികളും മുന്നോട്ടുവരണമെന്ന് നോർക്ക കെയർ ഫോർ കേരള ഇനീഷ്യേറ്റീവിന് വേണ്ടി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

