ട്രക്കിന്റെ ടയറിൽ ക്യാപ്റ്റഗൺ ഗുളികകൾ: ഡ്രൈവർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ട്രക്കിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്ത് എത്തിക്കാൻ ശ്രമിച്ച വൻ തോതിൽ ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. വിദേശിയായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
500,000 കുവൈത്ത് ദീനാറിലധികം വിപണി മൂല്യമുള്ള 3,00,000 ഗുളികളാണ് പിടിച്ചെടുത്തത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടി.
ഗുളികകൾ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിക്കുകയും, ഇൻസുലേറ്റിംഗ് വസ്തുക്കൾ ഉപയോഗിച്ച് മറക്കുകയും ചെയ്ത നിലയിലായിരുന്നു. ഫയർ ഫോഴ്‌സിൻ്റെ സഹായത്തോടെയാണ് ടയർ തുറന്ന് ഒളിപ്പിച്ച മയക്കുമരുന്ന് പുറത്തെടുത്തത്.
അതിർത്തി ചെക്ക്‌പോസ്റ്റ് വഴി ട്രാൻസിറ്റ് വിസയിൽ കുവൈത്തിൽ പ്രവേശിച്ചതായിരുന്നു ട്രക്ക്. പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

