എല്ലാം കാമറകൾ കാണും; ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്മാർട്ട് കാമറകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും അത്യാധുനിക സ്മാർട്ട് കാമറകൾ സ്ഥാപിച്ചു. പൊതുസുരക്ഷ ശക്തിപ്പെടുത്തൽ, നിയമലംഘകരെ തിരിച്ചറിയൽ എന്നിവയുടെ ഭാഗമായാണ് പുതിയ നടപടി.
കാമറകൾ വിപുലമായ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ തിരയുന്ന വ്യക്തികളെ തത്സമയം തിരിച്ചറിയാൻ ഈ കാമറകൾക്ക് കഴിയും.
ഇതുവഴി സുരക്ഷ ഉദ്യോഗസ്ഥർക്ക് ഉടൻ നടപടി സ്വീകരിക്കാനും സംശയിക്കുന്നവരെ വേഗത്തിൽ കണ്ടെത്താനും കഴിയും.റെസിഡൻഷ്യൽ ഏരിയകളും സുരക്ഷ ചെക്ക്പോസ്റ്റുകളിലും ഉൾപ്പെടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് സുരക്ഷ വൃത്തങ്ങൾ അറിയിച്ചു.
സമഗ്രമായ ഡാറ്റയിൽനിന്ന് വിവിധ കേസുകളിൽ തിരയുന്ന വ്യക്തികളെ കണ്ടെത്താൻ കാമറകൾ ജാഗ്രതയുള്ള കാവൽക്കാരായി പ്രവർത്തിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. നിരന്തര നിരീക്ഷണം, വേഗത്തിലുള്ള പ്രതികരണം എന്നിവയും ഇതുവഴി ഉറപ്പാക്കുന്നു.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും സാങ്കേതിക ഇടപെടലുകളിൽ കുവൈത്ത് വലിയ മുന്നേറ്റം നേടിയതായി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

