പാർക്കുകളിൽ കാമറകൾ വരുന്നു; പാർക്കുകൾ ആസ്വദിച്ചോളൂ, നശിപ്പിക്കരുത്...
text_fieldsകുവൈത്ത് സിറ്റി: പൊതുയിടങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനുചിതമായ പെരുമാറ്റം തടയലും ലക്ഷ്യമിട്ട്
രാജ്യത്തെ പൊതുപാർക്കുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. സന്ദർശകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അനുചിതമായ പെരുമാറ്റം തടയുക, പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് വ്യക്തമാക്കി.
ആവശ്യമായ ബജറ്റ് ഉറപ്പാക്കുന്നതിന് പദ്ധതി നിലവിൽ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കാമറ സ്ഥാപിക്കൽ അടുത്ത വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യവ്യാപകമായി പൊതു പാർക്കുകളുടെ മാനേജ്മെന്റ്, പരിപാലനം, മൊത്തത്തിലുള്ള പരിസ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
പാർക്കുകളിൽ നിശ്ചിത സ്ഥാനത്തല്ലാതെ മാലിന്യം കളയൽ, വസ്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളെ തുടർന്നാണ് കാമറ സ്ഥാപിക്കുന്നത്. ഇതുവഴി ലംഘനങ്ങൾ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷുവൈഖ് ബീച്ചിൽ ആരംഭിച്ച പൈലറ്റ് പദ്ധതി വിജയകരമായതായും അധികൃതർ ചൂണ്ടിക്കാട്ടി. ഷുവൈഖ് ബീച്ചിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത് നശീകരണ പ്രവർത്തനങ്ങൾ ഗണ്യമായി കുറക്കുകയും മൊത്തത്തിലുള്ള ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് എല്ലാ പൊതു പാർക്കുകളിലേക്കും കാമറ നിരീക്ഷണം വ്യാപിപ്പിക്കുന്നത്.
താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും വൃത്തിയുള്ളതും ആസ്വാദ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതും ഇതുവഴി ലക്ഷ്യമിടുന്നതായി പബ്ലിക് അതോറിറ്റി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

