സ്വാഗതം ചെയ്ത് മന്ത്രിസഭ; ട്രംപിന്റെ ഗസ്സ സമാധാന ബോർഡിലേക്ക് കുവൈത്ത് അമീറിന് ക്ഷണം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന ബോർഡിലേക്ക് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. യു.എസ് പ്രസിഡന്റിന്റെ ക്ഷണത്തെ കുവൈത്ത് മന്ത്രിസഭ സ്വാഗതം ചെയ്തു.
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം സ്വാഗതം ചെയ്തു.
ഈ സുപ്രധാന നടപടി വെടിനിർത്തൽ ഏകീകരിക്കാനും ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം പരിഹരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ദേശീയ കമ്മിറ്റി സ്ഥാപനത്തെയും സ്വാഗതം ചെയ്തു. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ കൈവരിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ പങ്കിനും സമാധാന ബോർഡ് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചതിനും കുവൈത്തിന്റെ നന്ദിയും മന്ത്രിസഭ അറിയിച്ചു. ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ശ്രമങ്ങളെയും പ്രശംസിച്ചു.
ഫലസ്തീൻ ജനതക്ക് അവരുടെ എല്ലാ അവകാശങ്ങളും ലഭിക്കുന്നതുവരെ രാഷ്ട്രീയവും മാനുഷികവുമായ ഉറച്ച പിന്തുണ തുടരുമെന്നും മന്ത്രിസഭ ആവർത്തിച്ചു. ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് സമാധാന ബോർഡ് പ്രഖ്യാപിച്ചത്. ഗസ്സയിലും മറ്റിടങ്ങളിലും സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള വേദിയായാണ് ട്രംപ് സമിതിയെ വിശേഷിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ബോർഡിന് കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗസ്സ സമാധാന കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്ന നിർവാഹക സമിതിയുടെ മേൽനോട്ടം ബോർഡിനായിരിക്കും.
അന്താരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗസ്സയുടെ പുനർനിർമാണം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. നിശ്ചിത തുക നൽകിയാൽ ബോർഡിൽ സ്ഥിരാംഗത്വം നേടാം. ഗസ്സയുടെ പുനർനിർമാണത്തിനാണ് ഈ തുക ചെലവിടുക. ഗസ്സയുടെ പുനർനിർമാണത്തിന് 4.82 ലക്ഷം കോടി രൂപ വേണ്ടി വരുമെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

