ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയും പ്രദേശവും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം, അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണിതെന്ന് മന്ത്രിസഭ വിശേഷിപ്പിച്ചു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന് സ്വയം പ്രതിരോധത്തിനുള്ള പൂർണവും അന്തർലീനവുമായ അവകാശം മന്ത്രിസഭ വ്യക്തമാക്കി. ആക്രമണത്തിന്റെ വ്യാപ്തിയും അന്താരാഷ്ട്ര നിയമവും അനുസരിച്ച് രാജ്യത്തിന്റെ പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഊന്നിപ്പറഞ്ഞു.
കുവൈത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിതമായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് ആക്രമണം വിജയകരമായി തടഞ്ഞു. മേഖലയിൽ ഇത്തരം ആക്രമണാത്മക സൈനിക നടപടികൾ തുടരുന്നത് പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും സൂചിപ്പിച്ചു. ഇറാൻ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.
യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, ജോർഡൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. ഈ രാഷ്ട്രങ്ങളോടുള്ള കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യവും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും മന്ത്രിസഭ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

