നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രിസഭ നിർദേശം; ഗൾഫ് റെയിൽവേ പദ്ധതിക്ക് വേഗം കൂട്ടുന്നു
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി നടപടികൾ കുവൈത്ത് വേഗത്തിലാക്കുന്നു. ഇത് സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രിസഭ പൊതുമരാമത്ത് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ബയാൻ പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ജി.സി.സി റെയിൽവേയുടെ റൂട്ട്, ഡിസൈനുകൾ, കരാറുകൾ, നടപ്പാക്കലിന്റെ നിലവിലെ സ്ഥിതി എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് ഉൾപ്പെടെ, പൊതുസേവനങ്ങളെക്കുറിച്ചുള്ള മന്ത്രിതല സമിതി യോഗത്തിന്റെ മിനിറ്റ്സ് മന്ത്രിസഭ അവലോകനം ചെയ്തു.
പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയ മന്ത്രിസഭ, നിലവിലെ സ്ഥിതിയും നടപ്പാക്കലിന്റെ സമയക്രമവും സംബന്ധിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ മന്ത്രിസഭയെ അറിയിക്കണമെന്നും നിർദേശിച്ചു.
കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറുരാജ്യങ്ങളെ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് ഗൾഫ് റെയിൽവേ പദ്ധതി. കുവൈത്തിൽ ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്ററാണ് ആദ്യഘട്ടത്തിലുള്ളത്. കുവൈത്തിൽ പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. റൂട്ടിന്റെ പ്രാഥമിക രൂപകൽപ്പന, ഷദ്ദാദിയ പാസഞ്ചർ സ്റ്റോപ്, കാർഗോ സ്റ്റേഷൻ, അറ്റകുറ്റപ്പണി സ്റ്റേഷൻ, അടിയന്തര എക്സിറ്റ് സ്റ്റേഷൻ എന്നിവ ഏതാണ്ട് പൂർത്തിയായ ആദ്യഘട്ട കരാറിൽ ഉൾപ്പെടുന്നു.
പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുർക്കിയ കമ്പനിയായ പ്രോയാപിയുമായി ഈ വർഷം എപ്രിലിൽ കുവൈത്ത് കരാറിൽ ഒപ്പിട്ടിരുന്നു. സമഗ്രമായ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ രേഖ തയാറാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. വിശദമായ പഠനം, രൂപകൽപ്പന, മണ്ണ് പരിശോധന, പാതകൾ നിർണയിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 12 മാസമാണ് അനുവദിച്ച കാലപരിധി.
പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് ഗൾഫ് റെയിൽവേ അതോറിറ്റി പ്രതീക്ഷ. മേഖലയിലെ ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയിൽ വലിയ കുതിപ്പ് ഇതു സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

