കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം; ലഹരി ഇടപാടുകാർക്ക് വധശിക്ഷയും കനത്ത പിഴയും
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തുകാർക്ക് ഇനി കനത്ത ശിക്ഷ. ലഹരി ഇടപാടുകർക്ക് വധശിക്ഷയും കനത്ത പിഴയും ഉൾപ്പെടുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിലാണ് നിയമം പാസാക്കിയത്. ലഹരിവസ്തുക്കൾ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചു നീക്കുന്നതും മയക്കുമരുന്നിന്റെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതും പുതിയ നിയമം ലക്ഷ്യമിടുന്നു.
മയക്കുമരുന്നിനെതിരെ പോരാടുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനുമുള്ള 1983 ലെ 74-ാം നിയമവും സൈക്കോട്രോപിക് ലഹരിവസ്തുക്കളെ ചെറുക്കുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനുമുള്ള 1987 ലെ 48-ാം നിയമവും ലയിപ്പിച്ചാണ് പുതിയ നിയമം. കള്ളക്കടത്തുകാർ, വിതരണക്കാർ, പ്രൊമോട്ടർമാർ, മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈമാറ്റം ചെയ്യുന്നവർ എന്നിവർക്ക് കനത്ത പിഴക്കൊപ്പം വധശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷയും ഉറപ്പാക്കുന്നു.
നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ഏകീകരിക്കുന്നതിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രിസഭ വ്യക്തമാക്കി.
മന്ത്രിസഭ അംഗീകരിച്ച കരട് നിയമം അന്തിമ അംഗീകാരത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

