വിമാനത്താവളത്തില്‍ തിരക്കേറിയ ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ ആഘോഷത്തിനായുള്ള യാത്രക്ക് കൂടുതൽ പേർ വിമാനങ്ങളെ ആശ്രയിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറിയ ദിനങ്ങൾ.പെരുന്നാളിന് തൊട്ടുമുമ്പ് വ്യാഴാഴ്ച മുതൽ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ദിനംപ്രതി 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് നിലവിൽ വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.
തിരക്ക് പരിഗണിച്ച് കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായി എയർ പോർട്ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ആഗമന നിർഗമന ടെര്‍മിനലുകളിൽ യാത്രക്കാരെ പരിശോധന നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചെക്ക് ഇൻ കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഓപറേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാരും ചർച്ച നടത്തിയതായി അധികൃതര്‍ അറിയിച്ചു. ദുബൈ, ഇസ്തംബൂൾ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവധി ചെലവഴിക്കാൻ സ്വദേശികൾ കൂടുതലായും യാത്ര ചെയ്യുന്നത്.
മലയാളികൾ അടക്കമുള്ളവർ പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ 2,20,000 ത്തിലെത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
1,10,000 പേർ കുവൈത്തിൽ നിന്ന് പുറപ്പെടുമെന്നും അത്രയും പേർ എത്തിച്ചേരുമെന്നും കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 മുതൽ ഏപ്രിൽ 25 വരെയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 1,800 വിമാനങ്ങൾ വരെ സർവീസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

