ബിസിനസ് പ്രോത്സാഹനം; കാനഡ അംബാസഡർ ലുലു ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകാനഡ അംബാസഡർ അലിയ മവാനി ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ
മുഹമ്മദ് ഹാരിസുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വ്യാപാരബന്ധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ കാനഡ അംബാസഡർ അലിയ മവാനി, ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഓഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കനേഡിയൻ എംബസിയിലെ ട്രേഡ് കമീഷണർ ജേഡ് മക്കിയും ചർച്ചയിൽ പങ്കാളിയായി. സാമ്പത്തിക പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിലും വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും കാനഡയുടെയും കുവൈത്തിന്റെയും പ്രതിബദ്ധത കൂടിക്കാഴ്ച പ്രകടമാക്കി. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിന് ഇരുവിഭാഗവും താൽപര്യം പ്രകടിപ്പിച്ചു.
കുവൈത്ത് വിപണിയിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾക്കായുള്ള ആവശ്യകതയും പരസ്പര പ്രയോജനകരമായ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും അംബാസഡർ അലിയ മവാനി ചൂണ്ടിക്കാട്ടി. ലുലു ഔട്ട്ലെറ്റുകളിൽ കനേഡിയൻ ഉൽപന്നങ്ങളുടെ കൂടുതൽ സാധ്യതകളും സൂചിപ്പിച്ചു. കനേഡിയൻ ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധത ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, മറ്റു ഉൽപന്നങ്ങൾ എന്നിവയിലായി ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിൽ നിലവിൽ 250 ലധികം കനേഡിയൻ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത വർഷം കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും ധാരണയായി. 2024 ൽ ‘കനേഡിയൻ ഫെസ്റ്റിവലും’ ലുലു ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
കനേഡിയൻ ഉൽപന്നങ്ങളുടെ വൈവിധ്യം ആഘോഷിക്കാനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ലക്ഷ്യമിട്ടുമാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്.
വ്യാപാരബന്ധം കൂടുതൽ ചലനാത്മകമാക്കുന്നതിനായി ലുലു ഗ്രൂപ് ഇന്റർനാഷനൽ കാനഡയിൽ വൈകാതെ സോഴ്സിങ്, എക്സ്പോർട്ട് ഹബ് തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

