ആകാശ പരവതാനിയിൽ പൂർണ ചന്ദ്രൻ പൊട്ടുകുത്തിയ രാത്രി
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച കുവൈത്ത് ആകാശം പതിവിൽ കൂടുതൽ സുന്ദരമായിരുന്നു. രാത്രിയുടെ ഇരുണ്ട പരവതാനിയിൽ വെളുത്ത പൊട്ട് കുത്തിയതുപോലെ പൂർണ ചന്ദ്രൻ പ്രകാശിച്ചുനിന്ന രാത്രി. അസാധാരണ തിളക്കവും വലുപ്പവും കൊണ്ട് അപൂർവവും ആകർഷകവുമായിരുന്നു കഴിഞ്ഞ ദിവസം ചന്ദ്രൻ.
സവിശേഷമായ തിളക്കത്താൽ ചന്ദ്രൻ ജ്യോതിശാസ്ത്ര പ്രേമികൾക്കും ഭംഗിയുള്ള രാത്രി സമ്മാനിച്ചു. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ പ്രധാന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നാണ് ഇതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. വടക്കൻ അർധഗോളത്തിലെ ജ്യോതിശാസ്ത്ര വേനൽക്കാലത്തെ ആദ്യത്തെ പൂർണചന്ദ്രൻ എന്ന സവിശേഷതയും ഇതിനുണ്ട്. ആകർഷകവുമായ തിളക്കത്തിലും വലുപ്പത്തിലും പ്രത്യക്ഷപ്പെടുന്ന ഇത് ഒരു അപൂർവ കാഴ്ചയാണ്. ജൂലൈയിലെ പൂർണചന്ദ്രന് ‘ഗസാൽ മൂൺ’ എന്നും വിളിപ്പേരുണ്ട്. മാനുകൾക്ക് പുതിയ കൊമ്പുകൾ വളരാൻ തുടങ്ങുന്ന വർഷത്തിലെ സമയവുമായി ഇത് യോജിക്കുന്നതിനാലാണിത്.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന ഘട്ടം കൂടിയാണിത്. ഇതു കാരണമാണ് ചന്ദ്രൻ പതിവിലും വലുതും തിളക്കമുള്ളതുമായി കാണപ്പെടുന്നത്. ആകാശ നിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും അപൂർവമായ ആകാശ പ്രദർശനം പകർത്താനും ഇത് മികച്ച അവസരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

