ഏഷ്യൻ ഗെയിംസ് കുവൈത്തിന് വെങ്കലം
text_fieldsഏഷ്യൻ ഗെയിംസിൽ ഫെൻസിങ്ങിൽ വെങ്കലം നേടിയ യൂസുഫ് അൽ ഷംലാനിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ ഫെൻസിങ്ങിലൂടെ കുവൈത്ത് മെഡൽപട്ടികയിൽ ഇടംപിടിച്ചു. കിഴക്കൻ ചൈനീസ് നഗരമായ ഹാങ്ചോയിൽ നടന്ന മത്സരത്തിൽ, വെങ്കലം നേടി യൂസുഫ് അൽ ഷംലാനാണ് രാജ്യത്തിന്റെ അഭിമാനമായത്.
പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തിൽ നിസ്സാര വ്യത്യാസത്തിന്, ഈ 24കാരന് ഫൈനലിൽ ഇടം നഷ്ടപ്പെട്ടു. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ ജു ബോങ്ഗിലിനോട് (10-15) പരാജയപ്പെട്ടതോടെയാണ് മെഡൽനേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്.
കുവൈത്തിന്റെതന്നെ മുഹമ്മദ് അബ്ദുൽ കരീമിനെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചാണ് (15-11) സെമിയിൽ പ്രവേശിച്ചത്.
യൂസുഫ് അൽ ഷംലാനിന്റെ നേട്ടത്തിൽ കുവൈത്ത് ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി ഹമദ് അൽ അവദി സംതൃപ്തി പ്രകടിപ്പിച്ചു. മെഡൽനേട്ടം കുവൈത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് സമർപ്പിക്കുന്നു. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇതുപോലൊരു വിജയം കൈവരിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കുവൈത്തിന് ഫെൻസിങ്ങിൽ മെഡൽ ലഭിക്കുന്നത്.
അതിനിടെ, തിങ്കളാഴ്ച നടന്ന ഹാൻഡ്ബാൾ മത്സരത്തിൽ കുവൈത്ത് തായ്ലൻഡിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിൽ കടക്കാനുള്ള സാധ്യത വർധിപ്പിച്ചു. വിജയത്തിലൂടെ രണ്ടു പോയന്റ് ലഭിച്ചു. ചൈനയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകളാണ് അടുത്ത റൗണ്ടിൽ കടക്കുക. നാലു ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

