കാൽനടയാത്രക്കാരുടെ സുരക്ഷ: മേൽപാലങ്ങൾ ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നിർമാണം പുരോഗമിക്കുന്നത് നിരവധി മേൽപാലങ്ങൾ. സാൽമിയ, ഹവല്ലി, ഫർവാനിയ, ഖൈത്താൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നിർമാണം നടക്കുന്നത്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ആവർത്തിച്ചതാണ് അധികൃതരെ കൂടുതൽ മേൽപാലങ്ങൾ നിർമിക്കാൻ പ്രേരിപ്പിച്ചത്.
ഫോർത് റിങ് റോഡും എയർപോർട്ട് റോഡും കാൽനടയാത്രക്കാരുടെയും മോേട്ടാർ ബൈക്ക് യാത്രക്കാരുടെയും ശവപ്പറമ്പാവുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. 19 മേൽപാലങ്ങൾ രാജ്യത്താകമാനം പുതുതായി നിർമിക്കുമെന്ന് 2017 പകുതിയിൽ പൊതുമരാമത്ത് മന്ത്രാലയം റോഡ് എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹുസ്സൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ചിലത് നിർമാണം പൂർത്തിയായി.
ഏതാനും എണ്ണം നിർമാണം പുരോഗമിക്കുകയാണ്. ചിലത് ടെൻഡർ ഘട്ടത്തിലാണുള്ളത്. കാൽനടയാത്രക്കാർക്കും മോേട്ടാർബൈക്ക് ഉപയോക്താക്കൾക്കും കിലോമീറ്ററുകൾ ചുറ്റിവളയേണ്ടത് ഒഴിവാക്കി മിനിറ്റുകൾക്കുള്ളിൽ എത്താൻ കഴിയുന്ന എളുപ്പവഴി കൂടിയാവുന്നുണ്ട് ഇത്തരം പാലങ്ങൾ. പുതിയ പാലങ്ങളിൽ അഞ്ചെണ്ണം ഖൈത്താനിലാണ്. രണ്ടെണ്ണം സീസൈഡ് ഷാബിലും രണ്ടെണ്ണം ബയാനിലും രണ്ടെണ്ണം അർദിയയിലും ഒന്ന് സാൽമിയയിൽ ഫോർത് റിങ് റോഡിലും ഒന്ന് ഇഷ്ബിലിയ അൽ നാസർ സ്പോർട്സ് ക്ലബിനടുത്തും ഒന്ന് ജഹ്റയിലും ഒന്ന് സൽവ അൻജഫ ബീച്ചിലുമാണ്. നിർമാണം പൂർത്തിയായത് അൽ ഷഹീദ് പാർക്കിന് സമീപവും അദലിയയിലും സാൽമിയ, ജാബിരിയ എന്നിവിടങ്ങളിലുമാണ്. 7.5 ദശലക്ഷം ദീനാർ ചെലവിൽ അഞ്ചു മേൽപാലങ്ങൾ 2019ൽ നിർമിക്കാൻ കുവൈത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
