വിലാസം മാറ്റാൻ കൈക്കൂലി; പാസി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകൈക്കൂലി കേസിൽ പിടിയിലായവർ
കുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗിക രേഖകൾ നിർമിച്ചതിനും കൈക്കൂലി വാങ്ങിയതിനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) യിലെ ഒരു ജീവനക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജീവനക്കാരൻ അധികാര ദുരുപയോഗം ചെയ്ത് വ്യക്തികളുടെ സാന്നിധ്യമോ ആവശ്യമായ രേഖകളോ ഇല്ലാതെ താമസ വിലാസങ്ങൾ നിയമവിരുദ്ധമായി മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
നിയമവിരുദ്ധമായ ഓരോ വിലാസ മാറ്റത്തിനും പ്രതി 120 ദീനാർ വീതം കൈപ്പറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. ഈ വർഷം തുടക്കം മുതൽ 5000ത്തിൽ അധികം വ്യാജ ഇടപാടുകൾക്ക് ഇയാൾ സൗകര്യമൊരുക്കിയതായി സംശയിക്കുന്നു. രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ബ്രോക്കർമാരുടെ ശൃംഖലയുമായി ഏകോപിപ്പിച്ചാണ് ഇവ നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ബ്രോക്കർമാരെയും കൈക്കൂലി നൽകിയ ഏഴ് പേരെയും കസ്റ്റഡിയിലെടുത്തു. പ്രതികൾ അനധികൃത ലാഭം ഉപയോഗിച്ച് സ്വർണക്കട്ടികൾ, ആഭരണങ്ങൾ, മറ്റു ഉയർന്ന മൂല്യമുള്ള വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങിയതായും ഫണ്ട് വെളുപ്പിക്കാനും അവയുടെ അനധികൃത ഉറവിടം മറക്കാനും ശ്രമിച്ചതായും കണ്ടെത്തി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റി ഫിനാൻഷ്യൽ ക്രൈംസ് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായവരെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

