കളിക്കിടെ കുട്ടിയുടെ തലയിൽ വെടിയേറ്റു; ശസ്ത്രക്രിയ ചെയ്ത് നീക്കി
text_fieldsകുട്ടിയുടെ തലയിൽനിന്ന് പുറത്തെടുത്ത വെടിയുണ്ടയുമായി ഡോക്ടർ
കുവൈത്ത് സിറ്റി: കുഞ്ഞിന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. ഇബ്നു സീന ഹോസ്പിറ്റൽ ന്യൂറോസർജൻ ഡോ. ഹമദ് ജാബിർ അൽ എനിസിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
ജഹ്റയിൽ വിവാഹാഘോഷത്തിനിടെ യന്ത്രത്തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്തത് കുഞ്ഞിന്റെ തലയോട്ടിയിൽ പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കുട്ടി കുടുംബവീടിന്റെ കോമ്പൗണ്ടിൽ സമപ്രായക്കാരുമായി കളിക്കുന്നതിനിടെയാണ് സംഭവം.
ശസ്ത്രക്രിയക്കുശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, വലതുവശം ചലിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഭാവിയിൽ വൈകല്യമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഡോ. അൽ എനിസി പറഞ്ഞു. അപകടം നടന്ന ഉടനെ തലയിൽനിന്ന് രക്തം വന്ന് കുട്ടി പെട്ടെന്ന് നിലത്ത് വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ച് എക്സ്റേ പരിശോധനയിൽ തലയോട്ടിയുടെ അടിയിൽ വെടിയേറ്റതായി തെളിഞ്ഞു. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തലയിലെ രക്തസ്രാവം നിർത്താനും വെടിയുണ്ട പുറത്തെടുക്കാനും കഴിഞ്ഞതായും ഡോ. വ്യക്തമാക്കി. ഡോ. യൂസുഫ് അബു സിഡോയും ശസ്ത്രക്രിയയിൽ പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

