ബയോമെട്രിക് രജിസ്ട്രേഷന് ബുക്കിങ് നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: ബയോമെട്രിക് രജിസ്ട്രേഷന് എത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. അപ്പോയിന്റ്മെന്റ് ഇല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെറ്റ പ്ലാറ്റ്ഫോം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി ബുക്കിങ് ചെയ്യാം. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ ബയോമെട്രിക് പരിശോധന നിർബന്ധമല്ല. എന്നാൽ, കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ ഈ പരിശോധനക്ക് വിധേയമാകണം.
വിദേശികള്‍ക്ക് അലി സബാഹ് അൽ സാലം, ജഹ്റ എന്നിവിടങ്ങളിലും കുവൈത്തികള്‍ക്കും ജി.സി.സി പൗരന്മാർക്കും ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക്, അൽകബീർ, ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലുമാണ് ബയോമെട്രിക് സൗകര്യം ഒരുക്കിയത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് സൂചനകള്‍.
രാജ്യത്ത് താമസിക്കുന്ന 18 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും. ബയോമെട്രിക് സംവിധാനം വഴി സുരക്ഷ ശക്തമാക്കാനും രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എളുപ്പത്തിൽ പരിശോധിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

