ബോണ്ട് കെട്ടിവെക്കേണ്ട ഇന്ത്യയിൽനിന്ന് ഇടനിലക്കാരില്ലാതെ തൊഴിലാളിയെ കൊണ്ടുവരാം -ഫാദിൽ അഷ്കലാനി
text_fieldsകുവൈത്ത് സിറ്റി: ഇടനിലക്കാരില്ലാതെ കുവൈത്തികൾക്ക് ഇന്ത്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ നേരിട്ട് കൊണ്ടുവരാനുള്ള സാഹചര്യം ഒരുങ്ങിയതായി അധികൃതർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഗാർഹിക തൊഴിലാളി ഓഫിസ് ഉടമകളുടെ യൂനിയൻ മേധാവി ഫാദിൽ അഷ്കലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിെൻറ നിരന്തരമായ ആവശ്യപ്രകാരം ഓരോ തൊഴിലാളിയെയും റിക്രൂട്ട് ചെയ്യുന്നതിന് മുമ്പായി ഇൻഷുറൻസ് തുക കെട്ടിവെക്കണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് ഒരു തൊഴിലാളിയെ കൊണ്ടുവരണമെങ്കിൽ തൊഴിലുടമ 2500 ഡോളർ ബോണ്ട് ആയി കെട്ടിവെക്കണമെന്നായിരുന്നു മുൻ നിബന്ധന. നിലവിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കണമെങ്കിൽ ഗാർഹിക തൊഴിലാളി ഓഫിസുകളിൽ പോകേണ്ട ആവശ്യമോ ബോണ്ട് തുക അടക്കേണ്ട കാര്യമോ സ്വദേശികൾക്കില്ല.
തൊഴിലാളിയുടെ പാസ്പോർട്ടിെൻറ പകർപ്പ് ഇന്ത്യൻ എംബസിയിൽ സമർപ്പിച്ച ശേഷം റിക്രൂട്ട്മെൻറിനുള്ള അപേക്ഷ കരസ്ഥമാക്കുകയാണ് തൊഴിലുടമ ചെയ്യേണ്ടത്. അത് തൊഴിലാളിക്ക് അയച്ചു കൊടുക്കുന്നതോടെ റിക്രൂട്ടിങ് നടപടികൾക്ക് ഗാർഹികത്തൊഴിലാളി ഓഫിസുകളെ സമീപിക്കേണ്ട ആവശ്യം വരില്ല. നടപടിക്രമം എളുപ്പമായതോടെ ഇന്ത്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് സ്വദേശികൾക്ക് 300 ദീനാറിൽ അധികം ബാധ്യത വരില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എട്ടുലക്ഷം ഇന്ത്യൻ തൊഴിലാളികളാണ് കുവൈത്തിലുള്ളതെന്നും ഫാദിൽ അഷ്കലാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
