ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രക്തദാന കാമ്പയിൻ
text_fieldsദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ച രക്തദാന കാമ്പയിൻ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രക്തദാന കാമ്പയിൻ ആരംഭിച്ചു.
ഫെബ്രുവരി 28 വരെയാണ് കാമ്പയിൻ. വർധിച്ച രക്ത ആവശ്യകത പരിഗണിച്ചും ദേശസ്നേഹം ഉറപ്പിക്കാനും അധിനിവേശകാലത്ത് രാജ്യത്തിനായി ജീവനും രക്തവും നൽകിയവരെ അനുസ്മരിക്കാനുമാണ് കാമ്പയിൻ നടത്തുന്നത്.
കഴിഞ്ഞ വർഷം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ കാമ്പയിനിൽ മാത്രം 95000ത്തിലധികം ബാഗ് രക്തം ശേഖരിച്ചു. ഒരു വർഷത്തെ മൊത്തം രക്ത ശേഖരണത്തിന്റെ 22 ശതമാനം വരുമിത്.
വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും എംബസികളും പ്രവാസി കൂട്ടായ്മകളും കാമ്പയിനോട് സഹകരിക്കുന്നുണ്ട്. തുടർച്ചയായ എട്ടാം വർഷമാണ് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രക്തദാന കാമ്പയിൻ നടത്തുന്നത്. നെഗറ്റീവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. താൽപര്യമുള്ള സ്വദേശികളും വിദേശികളും എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജാബിരിയ, അദാൻ ബ്ലഡ് ബാങ്കുകളിൽ രക്തം സ്വീകരിക്കും. സ്ത്രീ പുരുഷ ഭേദമന്യേ ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം നടത്താം.
18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 45 കിലോക്ക് മുകളിൽ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിന്റെ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തിൽനിന്ന് 350 മില്ലി ലിറ്റർ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്.
അതും അയാളുടെ ശാരീരിക അവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും. രക്തം നൽകി 24 മണിക്കൂറിനകം എത്ര രക്തം നൽകിയോ അത്രയും രക്തം ശരീരം വീണ്ടും ഉൽപാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

