കോവിഡ് മുക്തരായവർ പ്ലാസ്മ നൽകണമെന്ന് രക്തബാങ്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് മുക്തരായവർ പ്ലാസ്മ നൽകണമെന്ന് അഭ്യർഥനയുമായി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക്. രോഗപ്രതിരോധ പ്ലാസ്മക്ക് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി കോവിഡ് മുക്തർ മുന്നോട്ടുവരണം. പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്മ ദാന പ്രക്രിയക്ക് മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും ഉണ്ട്. സുഖം പ്രാപിച്ച വ്യക്തി രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധി കഴിഞ്ഞവരുമാവണം.
18 വയസ്സിന് മുകളിൽ പ്രായമുള്ള, വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവർക്ക് പ്ലാസ്മ നൽകാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രക്ത കൈമാറ്റ വകുപ്പ് മേധാവി ഡോ. റീം അൽ രിദ്വാൻ പറഞ്ഞു.
പ്ലാസ്മ നൽകാൻ തയാറുള്ളവർ https://btas-kw.org/ccpdonation എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ ഏപ്രിലിലാണ് കുവൈത്തിൽ കോവിഡ് ചികിത്സക്കായി പ്ലാസ്മ സ്വീകരിച്ചുതുടങ്ങിയത്. ഇതുവരെ 1700 പ്ലാസ്മ ബാഗ് സ്വീകരിച്ചു. 1200 ബാഗ് വിതരണം ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
രോഗത്തെ പ്രതിരോധിക്കുകയും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആൻറിബോഡികൾ രക്ത പ്ലാസ്മയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

