മന്ത്രവാദവും തട്ടിപ്പും നടത്തിയയാൾ പിടിയിൽ
text_fieldsപിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: പണം വാങ്ങി മന്ത്രവാദവും തട്ടിപ്പും നടത്തിയ ആൾ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആന്റി-ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്മെന്റുമായി നടത്തിയ നീക്കത്തിലാണ് ‘തട്ടിപ്പുവീരൻ’ പിടിയിലായത്. പണം വാങ്ങി മാജിക്, മന്ത്രവാദം, ഭാവിപ്രവചനം എന്നിവ നടത്തി ആളുകളെ കബളിപ്പിച്ചുവരികയായിരുന്നു ഇദ്ദേഹം.
ഭാവി പ്രവചിക്കാനും കുടുംബ, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പ്രതി സ്വദേശികളെയും പ്രവാസികളെയും വഞ്ചിച്ചുവരികയായിരുന്നു. സേവനങ്ങൾക്ക് വലിയ തുകകളും കൈപറ്റിയിരുന്നു.
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച ഉദ്യോഗസ്ഥർ രഹസ്യ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. മാന്ത്രിക പുസ്തകങ്ങൾ, വിവിധ ദ്രാവകങ്ങൾ, വസ്തുക്കൾ, കടലാസ് ചുരുൾ, പണ ശേഖരണ പെട്ടി, ആഭിചാര ക്രിയകൾക്കായി തയാറാക്കിയ പ്രത്യേക വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ മന്ത്രവാദത്തിൽ ഉപയോഗിക്കുന്ന വിവിധ വസ്തുക്കൾ പ്രതിയുടെ കൈവശം കണ്ടെത്തി.
സമാനമായ കുറ്റങ്ങൾക്ക് 20 വർഷങ്ങൾക്ക് മുമ്പ് ഇയാളെ അറസ്റ്റു ചെയ്തു നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് അന്ന് പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിൽ മന്ത്രവാദവും ആഭിചാര ക്രിയകളും നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി. ഇത്തരം വ്യക്തികളുമായി ഇടപെടരുതെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

