ബയോമെട്രിക് രജിസ്ട്രേഷന് അവസരം രണ്ടുമാസം കൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികൾക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷന് നൽകിയ സമയപരിധി ഒരുമാസം പിന്നിടുന്നു. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ബയോമെട്രിക് രജിസ്ട്രേഷന് പൂർത്തിയാക്കാൻ നേരത്തേ ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേർ ഇതിനകം നടപടികൾ പൂർത്തിയാക്കി. ജൂൺ ഒന്നിന് മുമ്പ് എല്ലാവരും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഈ കാലാവധിക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താൽക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെയായി 17.8 ലക്ഷം പേരാണ് ബയോമെട്രിക്സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒമ്പതു ലക്ഷത്തിലേറെ പേര് സ്വദേശികളാണ്. മെറ്റ വെബ്സൈറ്റ്, സഹല്‍ ആപ് എന്നിവ വഴി ബയോമെട്രിക് രജിസ്ട്രേഷന് ബുക്ക് ചെയ്ത് ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിലെത്തിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് ഡേറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റർപോൾ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യാത്ര വിലക്കുള്ളവർ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതും ബയോമെട്രിക് ഡേറ്റബേസിലൂടെ കണ്ടെത്താന്‍ കഴിയും. നിരവധി രാജ്യങ്ങളിൽ യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗർപ്രിന്റ് നിര്‍ബന്ധമാണ്.
പ്രധാന കേന്ദ്രങ്ങൾ
കുവൈത്ത് സിറ്റി: പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ഹവല്ലി, ഫർവാനിയ,അഹമ്മദി, മുബാറക് അൽ കബീർ, ജഹ്റ ഗവർണറേറ്റുകളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് അലി സബാഹ് അൽ സേലം, ജഹ്റ എന്നിവിടങ്ങളിലെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം. അവന്യൂസ് മാൾ, 360 മാൾ, അൽ കൂത്ത് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലും രജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കുവൈത്തിൽനിന്ന് പുറത്തു പോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. എന്നാല്‍ രാജ്യത്തേക്ക് തിരികെ വരുമ്പോൾ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

