ബയോമെട്രിക് ഫിംഗർപ്രിന്റ്; 1,00,000ത്തിലധികം ആളുകൾ വിരലടയാളങ്ങൾ എടുത്തു
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ബയോമെട്രിക് ഫിംഗർപ്രിന്റ് പദ്ധതി ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 1,00,000ത്തിലധികം ആളുകൾ വിരലടയാളങ്ങൾ എടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വപ്നമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് പദ്ധതിയെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. അത് ഇപ്പോൾ യാഥാർഥ്യമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിൽ താമസിക്കുന്ന 18 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ഡേറ്റാബേസ് സ്ഥാപിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. പൗരന്മാർക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. മുമ്പത്തെ വിരലടയാള സംവിധാനം അതിന്റെ വ്യാപ്തിയിലും കൃത്യതയിലും പരിമിതമായിരുന്നപ്പോൾ, പുതിയ ബയോമെട്രിക് ഫിംഗർപ്രിന്റ് ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി നൽകാനും വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാനും അധികാരികളെ എളുപ്പത്തിൽ സഹായിക്കും.
കര, വ്യോമ, ജല അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരും ബയോമെട്രിക് വിരലടയാളം സമർപ്പിക്കണം. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിനാൽ വരുംകാലങ്ങളിൽ വിരലടയാള പരിശോധനയുടെ വേഗം വർധിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ മുഴുവൻ പദ്ധതിയും പൂർത്തീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ വിരലടയാളത്തിനായി സമർപ്പിച്ചിരിക്കുന്ന നാല് കേന്ദ്രങ്ങൾക്കു പുറമെ, കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്നും അൽ ഒവൈഹാൻ പറഞ്ഞു.
സർക്കാറിന്റെ ‘മെറ്റാ’പ്രോഗ്രാമും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റും വിരലടയാളത്തിനായി ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ നൽകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ കഴിവുകളും വിനിയോഗിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദും മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

