ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പൗരന്മാരുടെയും താമസക്കാരുടെയും ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് തുടരുന്നു. വിരലടയാളം എടുക്കാതെ കുവൈത്തിൽനിന്ന് പുറത്തേക്ക് പോകാമെങ്കിലും തിരികെ വരുമ്പോൾ നിർബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിരലടയാള ശേഖരണത്തിനായി വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കും.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും വിവരങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് വിരലടയാളം ശേഖരിക്കുന്നത്. സുരക്ഷ, രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ഐഡന്റിറ്റി എളുപ്പത്തിൽ പരിശോധിക്കൽ എന്നിവ ഇതുവഴി കഴിയും. സ്വദേശികൾക്കും ജി.സി.സി പൗരൻമാർക്കും പ്രവാസികൾക്കും ഇതിനായി തയാറാക്കിയ കേന്ദ്രങ്ങളിലെത്തി വിവരങ്ങൾ നൽകാം. കുവൈത്ത്, ജി.സി.സി പൗരന്മാർക്കായി ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഇത് പ്രവർത്തിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
മെറ്റ പ്ലാറ്റ്ഫോം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റോ വഴിയോ നേരത്തെ ഓണ്ലൈന് ബുക്കിങ് ചെയ്യണം. അതിനിടെ, ബയോമെട്രിക് ഡേറ്റ രേഖപ്പെടുത്തുന്നതിന് അഞ്ച് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണ് പദ്ധതി. വാണിജ്യസമുച്ചയങ്ങളായ 360 മാൾ, അവന്യൂസ്, അൽഅസിമ മാൾ, അൽ കൂത്ത് എന്നിവിടങ്ങളിലും ആഭ്യന്തരമന്ത്രാലയ സമുച്ചയത്തിലുമായാണ് പുതിയ ബയോമെട്രിക് ഫിംഗർ പ്രിന്റ് സെന്ററുകൾ തുറക്കുക. മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ ബയോമെട്രിക് വിരലടയാളം എടുക്കാൻ പൗരന്മാർക്കും താമസക്കാർക്കും പുതിയ കേന്ദ്രങ്ങളിൽ സൗകര്യം ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

