ബയോമെട്രിക് കേന്ദ്രങ്ങൾ; ജനുവരിയിൽ രാത്രി എട്ടുവരെ പ്രവർത്തിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ബയോമെട്രിക് രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ജനുവരി 31വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. അടുത്ത മാസം മുതൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ എന്ന സാധാരണ ഷെഡ്യൂളിലേക്ക് മാറും. തിരക്ക് പരിഗണിച്ചും ആളുകൾക്ക് സൗകര്യമാകാനുമാണ് ജനുവരി 31 വരെ സായാഹ്ന സമയം ദീർഘിപ്പിച്ചത്. വിസ അപേക്ഷകൾ, സുരക്ഷ പരിശോധനകൾ, ക്രിമിനൽ അന്വേഷണങ്ങൾ എന്നിവയുൾപ്പെടെ വിവിധ സർക്കാറുമായി ബന്ധപ്പെട്ട പ്രക്രിയകൾക്ക് ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാണ്.
എടുക്കാത്തവർക്ക് ബാങ്കിങ് സേവനം ഉൾപ്പെടെ തടയുന്നത് പരിഗണനയിലാണ്. കുവൈത്തിലുള്ളവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും കണ്ണ്, വിരലടയാളം എന്നിവ രേഖപ്പെടുത്തുന്നതിലൂടെ സുരക്ഷിതമായ ഇലക്ട്രോണിക് ഇൻഫർമേഷൻ ബാങ്ക് സ്ഥാപിക്കാനും വ്യാജ രേഖ ഉപയോഗിച്ച് രാജ്യത്തെത്തുന്നത് തടയാനുമാണ് ലക്ഷ്യമിടുന്നത്.
ഒന്നര ലക്ഷത്തിലധികം വിദേശികളും 16000 കുവൈത്തികളും ബയോമെട്രിക് രജിസ്ട്രേഷൻ നടത്താനുണ്ടെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമെന്നതിനാൽ വിദേശികളിൽ ഇനി ബാക്കിയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുന്നതാണ് ഉചിതം. ആറ് ഗവർണറേറ്റിലും ബയോമെട്രിക് രജിസ്ട്രേഷന് നിശ്ചിത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

