കുവൈത്ത് വിമാനത്താവളത്തിൽ മികച്ച സംവിധാനങ്ങൾ -ഡെപ്യൂട്ടി ഡയറക്ടർ ജനറൽ
text_fieldsകുവൈത്ത് സിറ്റി: സുരക്ഷ, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സംവിധാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദ്ദാഗി പറഞ്ഞു. ഈ മേഖലയിൽ യോഗ്യതയും വൈദഗ്ധ്യവുമുള്ള തൊഴിലാളികൾ വിമാനത്താവളത്തിലുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേകിച്ച് കൊറോണ പ്രതിസന്ധിയുടെ കാലത്ത് ഐ.ടി സേവനങ്ങൾക്ക് കാര്യമായ ഉയർച്ചയുണ്ടായി. സർക്കാർ സ്ഥാപനങ്ങളുമായി ഓൺലൈനിൽ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളം നൽകുന്ന ഓൺലൈൻ സേവനങ്ങളിൽ ബാർകോഡ് സ്‌കാൻ ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിച്ച് പരാതികൾ സമർപ്പിക്കുന്നതടക്കമുള്ളവ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലുടനീളം യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനം നിലവിലുണ്ട്.
ലഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയോ ഡി.ജി.സി.എയുടെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാനും വീണ്ടെടുക്കാനും കഴിയും. വിമാനത്താവളത്തിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ ഉണ്ട്.
യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയാൽ അത് കണ്ടെത്താൻ ഇവ സഹായിക്കും. അതേസമയം, വിമാനയാത്രക്കിടെ നഷ്ടപ്പെട്ട ലഗേജുകൾ വീണ്ടെടുക്കാൻ വലിയ നടപടിക്രമങ്ങൾ ആവശ്യമാണെന്നും അൽ ഫദ്ദാഗി പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 ശതമാനം തദ്ദേശീയരാണെന്നും അൽ ഫദ്ദാഗി കൂട്ടിച്ചേർത്തു. ഓപറേഷൻ, മെയ്ന്റനൻസ്, എൻജിനീയറിങ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വനിതകളടക്കം തൊഴിലാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

