ഒരു ചതിയുടെ നോവും, കാരുണ്യത്തിെൻറ കുളിരും; ജിതിൻ നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: ഒരു ചതിയുടെ നോവുമാറ്റാൻ കാരുണ്യത്തിെൻറ കുളിരിന് കഴിയുമെന്ന് ജിതിൻ സാക്ഷ്യം പറയുന്നു. സ്വപ്നങ്ങളുടെ ഭാണ്ഡവുമായി കുവൈത്തിലെത്തി മൂന്നുമാസത്തിന് ശേഷം കയ്യിലൊന്നുമില്ലാതെ മടങ്ങുേമ്പാളും ജിതിന് ദുഃഖമില്ല. പട്ടിണിയുടെ നാളുകളിൽ അന്നവുമായി എത്തിയ മനുഷ്യത്വത്തിനും വിമാന ടിക്കറ്റ് നൽകി കാരുണ്യത്തിെൻറ ചിറകുവിരിച്ച ‘മിഷൻ വിങ്സ് ഒാഫ് കംപാഷനും’ നന്ദി പറഞ്ഞ് ജിതിൻ നാട്ടിലേക്ക് വിമാനം കയറി; ആത്മവിശ്വാസം ഒട്ടും ചോരാതെ.
‘ഞാൻ ചെറുപ്പമാണ്. മുന്നോട്ടുള്ള ജീവിതത്തിൽ കൈവിളക്കാവുന്ന അനുഭവങ്ങളാണ് കുവൈത്ത് സമ്മാനിച്ചത്, എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്’’. ഇൗ യുവാവിെൻറ വാക്കുകളിൽ ശുഭചിന്തകൾ മാത്രം.
തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശി ജിതിൻ ബിരുദ പഠനത്തിന് ശേഷം ക്ലീനിങ് കമ്പനിയിൽ സൂപ്പർവൈസർ തസ്തികയിലേക്ക് എന്ന് പറഞ്ഞാണ് വിസയെടുത്തത്. 70,000 രൂപ ഏജൻറിന് കൊടുത്തു.
ഇവിടെയെത്തിയപ്പോൾ ജോലി സാധാരണ ക്ലീനിങ് തൊഴിലാളിയുടേത്. ശമ്പളം പറഞ്ഞതിനേക്കാൾ കുറവും. എട്ടുമണിക്കൂർ ജോലിസമയം എന്നായിരുന്നു വാഗ്ദാനമെങ്കിലും 12 മണിക്കൂർ ജോലിയെടുക്കണം. ഒാവർടൈം അലവൻസൊന്നും ലഭിക്കുകയുമില്ല.
എന്തിനാണ് ഇങ്ങോട്ടുവന്നതെന്ന് കൂടെ ജോലി ചെയ്യുന്നവർ ഉൾപ്പെടെ പറഞ്ഞു. ഏത് ജോലിക്കും അന്തസ്സ് ഉണ്ടെന്ന് ബോധ്യമുണ്ടെങ്കിലും വഞ്ചനക്ക് നിന്നുകൊടുക്കേണ്ടെന്ന് ആത്മാഭിമാനമുള്ള ജിതിൻ തീരുമാനിച്ചു. വന്ന് മൂന്നാം ദിവസം തന്നെ ഇൗ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ ആ സമയത്താണ് കോവിഡ് പ്രതിസന്ധി വന്നത്. ജോലി കണ്ടുപിടിക്കുന്നത് പോയിട്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. വിശന്നുവലഞ്ഞ നാളുകളിൽ ടീം വെൽഫെയർ പ്രവർത്തകർ, സാമൂഹിക പ്രവർത്തകരായ സുശീല, സക്കീർ പുത്തൻപാലത്ത്, നവാസ് തുടങ്ങിയവർ സഹായത്തിനെത്തി.

നാട്ടിൽ പോവാൻ ടിക്കറ്റിന് ഒരു വഴിയും കാണാതിരുന്ന ഘട്ടത്തിൽ ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്ന് നടത്തുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി തുണയായി. ഇൗ പദ്ധതിയിൽ വന്ദേ ഭാരത്
മിഷനിലെ ടിക്കറ്റ് നിരക്കായ 80 ദീനാർ മാത്രമേ നൽകാൻ വകയുള്ളൂ. ഇവിടുത്തെ ദുരിതാവസ്ഥയിൽ എത്രയും പെെട്ടന്ന് നാട്ടിലെത്തേണ്ടതുള്ളതിനാൽ ചാർട്ടർ വിമാനത്തിൽ പോവാൻ തീരുമാനിച്ചു. കണ്ണൂർ എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും വനിത കൺവീനറുമായ സുശീല കണ്ണൂർ
ബാക്കി തുക നൽകി. അങ്ങനെ നിറഞ്ഞ ഹൃദയവുമായി ജിതിൻ വെള്ളിയാഴ്ച വിമാനം കയറി. പുതിയ തീരങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
